ബിനോയി കിഴക്കനടി (പി. ആർ. ഓ., ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ) ഷിക്കാഗോ: ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ വടക്കേ അമേരിക്കയിൽ കുടിയേറിത്തുടങ്ങിയ ക്നാനായക്കർക്കുവേണ്ടി സ്ഥാപിതമായ സീറോമലബാർ സഭയുടെ അമേരിക്കയിലെ പ്രഥമ മിഷനുവേണ്ടി 1983ൽ, അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവ് ബഹു. ജേക്കബ് ചൊള്ളമ്പേൽ അച്ചനെ ചിക്കാഗോയിലേക്കയച്ചു. ആ മിഷൻ വളർന്നാണ് ഇന്ന് ദശാബ്ദി ആഘോഷിക്കുന്ന ഷിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനായായി വളർന്നത്. ബഹു. ഫാ. സിറിയക് മാന്തുരുത്തിൽ, ബഹു. ഫാ. സൈമൺ ഇടത്തിപ്പറമ്പിൽ, ബഹു. ഫാ. ഫിലിപ്പ് തൊടുകയിൽ, എന്നിവർ ഈ മിഷനിൽ ശുശ്രൂഷചെയ്തു. ഈ കാലയളവിൽ എട്ടു ക്നാനായ മിഷനുകൾ സ്ഥാപിക്കുവാൻ അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിനു കഴിഞ്ഞു. 2001ൽ സ്ഥാപിതമായ ഷിക്കാഗോ സീറോമലബാർ രൂപതയുടെ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജെയ്ക്കബ് അങ്ങാടിയത്തുപിതാവ് ആദ്യത്തെ രണ്ടു വികാരി ജനറാളമാരിൽ ഒരാളായി ക്നാനായക്കാരനായ ബഹു. ഏബ്രഹാം മുത്തോലത്തച്ചനെ നിയമിച്ചു. 2004 ജൂലൈ ഒന്നു മുതൽ മുത്തോലത്തച്ചനെ ഷിക്കാഗോ ക്നാനായ മിഷൻ ഡയറക്ടറായും നിയമിച്ചു. ക്നാനായക്കാർക്കായി ഒരു പ്രത്യേക റീജിയൺ 2006 ഏപ്രിൽ 30ന് അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് സ്ഥാപിച്ചു. വികാരി ജനറാൾ ബഹു. ഫാ. എബ്രാഹം മുത്തോലത്തിനെ ക്നാനായ റീജിയന്റെ പ്രഥമ ഡയറക്ടറാക്കി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ വടക്കേ അമേരിക്കയിൽ കൂടുതൽ ക്നാനായ മിഷനുകളും ഇടവകകളും സ്ഥാപിതമായി. ഷിക്കാഗോയിലെ ക്നാനായ മിഷൻ 2006 സെപ്തംബർ ഒന്നിന് മേവുഡിലെ സെന്റ് ജെയിംസ് പള്ളി ഷിക്കാഗോ അതിരൂപതയിൽനിന്നു വാങ്ങി ഷിക്കാഗോ സേക്രഡ് ഹാർട്ട് ദൈവാലയമാക്കി. വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ദൈവാലയം എന്ന ദീർഘകാല സ്വപ്നം സാക്ഷാൽക്കരിച്ചത് മുൻവികാരി ജനറാളും, ഫൊറോനാ വികാരിയുമായ വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ നേത്യുത്വപാടവവും, പ്രാചോദനവും ദീർഘവീക്ഷണവും, സഹനശക്തിയും കൊണ്ടായിരുന്നു. 2006 സെപ്തംബർ 24ന് രൂപതാദ്ധ്യക്ഷൻ ഈ മിഷൻ ഇടവകയായി ഉയർത്തി ഫാ. ഏബ്രഹാം മുത്തോലത്തിനെ പ്രഥമ വികാരിയായി നിയമിച്ചു. 2012 - 2014 കാലയളവിൽ, ബഹു. ഫാ. സജി പിണർക്കയിൽ, ഈ ഇടവകയുടെ വികാരിയായി സേവനം അനുഷ്ഠിച്ചു. ബഹു. ഫാ. സിജു മുടക്കോടിൽ, ബഹു. ഫാ. സുനി പടിഞ്ഞാറേക്കര, ബഹു. ഫാ. ജോസ് ചിറപ്പുറത്ത് എന്നിവർ ഇടവകയുടെ അസിസ്റ്റന്റ് വികാരിമാരായി സേവനം അനുഷ്ഠിച്ചു. 2015 ഫെബ്രുവരി 11 ന് അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് ഈ ദൈവാലയത്തെ ഫൊറോനാ ദൈവാലയമായി ഉയർത്തി. ബഹു. ഫാ. ബോബൻ വട്ടംപുറത്ത് ഇപ്പോൾ അസിസ്റ്റന്റ് വികാരിയായി സേവനം അനുഷ്ഠിക്കുന്നു. |
Home > Recent News >