ടാമ്പാ: ഫ്ലോറിഡയിലെ ടാമ്പാ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തോടനുബന്ധിച്ച് വിസിറ്റേഷൻ സഭാ സമൂഹത്തിന്റെ പുതിയ ശാഖാഭവനം സ്ഥാപിതമായി. നവംബർ പത്താം തിയതി ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ അഭി. മാർ ജേക്കബ് അങ്ങാടിയത്ത് ഈ ശാഖാഭവനം വെഞ്ചരിച്ച് കപ്പേളയിൽ ദിവ്യബലി അർപ്പിച്ചു. വിസിറ്റേഷൻ സഭാ സമൂഹത്തിന്റെ നോർത്ത് അമേരിക്കയിലെ മൂന്നാമത്തെ ശാഖാഭവനമാണിത്. വിസിറ്റേഷൻ സഭാംഗങ്ങളായ സി. മീര, സി. സേവ്യർ, സി. സാന്ദ്ര എന്നിവരാണ് പുതിയ ശാഖാഭവനത്തിൽ സേവനം ചെയ്യുക. ക്നാനായ റീജിയൺ ഡയറക്ടർ റവ. ഫാ. തോമസ് മുളവനാൽ, ടാമ്പാ ഫൊറോനാ വികാരി റവ. ഫാ. ഡൊമിനിക് മഠത്തിക്കളത്തിൽ, റവ. ഫാ. സുനി പടിഞ്ഞാറേക്കര, റവ. ഫാ. ജെയ്‌മി പുതുശ്ശേരി തുടങ്ങി പന്ത്രണ്ടോളം വൈദികരും, വിസിറ്റേഷൻ സഭാ സമൂഹത്തിന്റെ മദർ ജനറാൾ സി. ആനി ജോസ്, ഷിക്കാഗോ, ലോസ് ആഞ്ചലസ് കോൺവെന്റുകളിലെ സിസ്റ്റേഴ്സ്, ടാമ്പാ ഇടവകാംഗങ്ങൾ തുടങ്ങി ഒട്ടനവധി പേർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ടാമ്പാ തിരുഹൃദയ ക്നാനായ ഫൊറോനയിലെ അജപാലന ശുശ്രൂഷകൾക്ക് നേതൃത്വം നൽകുവാൻ സമർപ്പിതരുടെ സാന്നിധ്യം വളരെ ഫലപ്രദമാകുമെന്ന് റീജിയൺ ഡയറക്ടർ റവ. ഫാ. തോമസ് മുളവനാൽ അറിയിച്ചു. |
Home > Recent News >