
ഷിക്കാഗോ: കെയ്‌റോസ് മിഷന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോയിലെ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിൽ വച്ച് യുവജനങ്ങളെ ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ക്രൈസ്റ്റ് വിൻ നൈറ്റ് എന്ന സംഗീത നിശ ഇന്ന് വൈകുന്നേരം 6:30 ന് ആരംഭിക്കും. മുതിർന്നവർക്കും യുവജനങ്ങൾക്കും ഒന്നുപോലെ മനസ്സിലാക്കുവാനും ആസ്വദിക്കുവാനും സാധിക്കത്തക്ക രീതിയിൽ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ഈ സംഗീത നിശ നടത്തപെടുന്നത്. യുവജനങ്ങളെ കത്തോലിക്കാ വിശ്വാസത്തിൽ ആഴപ്പെടുത്തുവാനും വളർത്തുവാനും ഉതകുന്ന വിധത്തിൽ കെയ്‌റോസ് യൂത്ത് മിനിസ്ട്രിയിലെ യുവതീ യുവാക്കൾ നയിക്കുന്ന ഈ ശുശ്രൂഷയ്ക്ക്, സുപ്രസിദ്ധ വചന പ്രഘോഷകരായ റവ. ഫാ. കുര്യൻ കാരിക്കൽ, ബ്ര. റജി കൊട്ടാരം, പ്രസിദ്ധ സംഗീത സംവിധായകൻ പീറ്റർ ചേരാനല്ലൂർ എന്നിവർ നേതൃത്വം നൽകുന്നു. വിപുലമായ സാങ്കേതിക സാഹായങ്ങളോടെ നടത്തപെടുന്ന ഈ പരിപാടിയുടെ വിജയത്തിനു വേണ്ട എല്ലാവിധ സജ്ജീകരണങ്ങളും റവ. ഫാ . ബോബൻ വട്ടംപുറത്തിനൊപ്പം കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, സ്റ്റീഫൻ ചൊള്ളമ്പേൽ, ബിനോയി പൂത്തറയിൽ, മനോജ് വഞ്ചിയിൽ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയായതായി റവ. ഫാ. തോമസ് മുളവനാൽ അറിയിച്ചു. |