Home‎ > ‎Recent News‎ > ‎

ഷിക്കാഗോ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ സെന്റ് വിൻസെന്റ് ഡി പോളിന്റെ തിരുന്നാൾ ആചരിച്ചു

posted Oct 12, 2016, 7:04 AM by News Editor

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ, സെന്റ് വിൻസെന്റ് ഡി പോളിന്റെ തിരുന്നാൾ ഭക്തിപുരസരം ആചരിച്ചു. സെപ്റ്റെംബർ 25 ഞായറാഴ്ച രാവിലെ 9.45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ മുഖ്യകാർമികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.
 
 ഇരുപതാം വയസ്സിൽ വൈദികനായ സെന്റ് വിൻസെന്റ് ഡി പോളും, സൊസൈറ്റി സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫ്രഡറിക് ഒസാനാമും, തന്റെ ജീവിതത്തിൽ ദരിദ്രരേയും, പാർശ്വവൽകരിച്ചവരേയും ശുഷ്രൂഷിച്ചുകൊണ്ട് ക്രിസ്തുവിനു സാക്ഷ്യം വഹിച്ചതിനേപ്പറ്റിയും, വിശുദ്ധ വിൻസെന്റ് ഡി പോളിനെ അനുകരിച്ചുകൊണ്ട് നമ്മൾ ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്യണമെന്നും തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ ഉദ്ബോധിപ്പിച്ചു. കാരുണ്യത്തിന്റെ ഈ വർഷത്തിൽ നമ്മളിലും, വളർന്നുവരുന്ന തലമുറകളിലും കരുണയുടെ മനോഭാവമുണ്ടാകട്ടേയെന്ന് മുത്തോലത്തച്ചൻ പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങളായിരുന്നു ഈ തിരുന്നാളിന്റെ പ്രസുദേന്തിമാർ. അറിയിപ്പിനോടനുബന്ധിച്ച് സെക്രട്ടറി ബിനോയി കിഴക്കനടി സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ഈ നടപ്പ് വർഷത്തെ സംക്ഷിപ്ത റിപ്പോർട്ട് അവതരിപ്പിച്ചു. വിശുദ്ധ കുർബാനക്കുശേഷം പ്രസിഡന്റ് മാത്യു ഇടിയാലിയുടെ അധ്യക്ഷതയിൽ ചേർന്ന സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി യോഗത്തിൽ, പ്രാരംഭപ്രാർത്ഥനക്കും, ബൈബിൾ വായിച്ചു പ്രാർത്ഥിച്ചതിനുശേഷം സെക്രട്ടറി ബിനോയി കിഴക്കനടി റിപ്പോർട്ട് വായിച്ചു, യോഗം അത് പാസ്സാക്കി. തുടർന്ന് നടന്ന ചർച്ചയിൽ, തിരുവന്‍വണ്ടൂര്‍ പള്ളിയുടെ പുനരുദ്ധാരണത്തിന് $500 കൊടുക്കുവാൻ തീരുമാനിച്ചു. അതിൻപ്രകാരം പ്രസിഡന്റ് മാത്യു ഇടിയാലി, മോൺ. ലല്ലു കൈതാരത്തിലച്ചന് യോഗത്തിൽ പങ്കെടുത്തതിന് നന്ദി പറയുകയും, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സംഭാവന നൽകുകയും ചെയ്തു. തുടർന്ന് ഭാരവാഹികൾക്കും, ഈ തിരുന്നാൾ ഭംഗിയായി ആഘോഷിക്കുവാൻ സഹായിച്ച എല്ലാ സഹപ്രവർത്തകർക്കും, പ്രത്യേകിച്ച് ത്യേസ്യാമ്മ പടിഞ്ഞാറേലിനും നന്ദി പറഞ്ഞു. തുടർന്ന് സമാപനപ്രാർത്ഥനയോടുകൂടി യോഗം സമാപിക്കുകയും ചെയ്തു.


ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഒ.)