ഹൂസ്റ്റൺ: ഹൂസ്റ്റൺ സെൻറ് മേരീസ് ക്നാനായ ഫൊറോന ഇടവക വികാരി റവ. ഫാ. സജി പിണർക്കയിലും പ്രസിദ്ധ സംഗീത സംവിധായകൻ പീറ്റർ ചേരാനാല്ലൂരും പ്രസിദ്ധ ഗാനരചയിതാവ് ബേബി ജോൺ കലയന്താനിയും ചേർന്ന് ഒരുക്കിയ അവർണ്ണനീയം എന്ന മുഴുനീള കുർബാന ആലാപന ആൽബം സി.ഡി യുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു. സീറോ മലബാർ സഭയുടെ അധ്യക്ഷൻ കർദ്ദിനാൾ അഭി. മാർ. ജോർജ്ജ് ആലഞ്ചേരി പ്രകാശനം ചെയ്ത ആൽബം കോട്ടയം അതിരൂപതാധ്യക്ഷൻ അഭി. മാർ മാത്യു മൂലക്കാട്ട് സ്വീകരിച്ചു. ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട്, കാനഡയിലെ പെൻബ്രൂക് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ മൈക്കിൾ മുൾഹാൾ, ക്നാനായ കാത്തലിക് റീജിയൻ്റെ ഡയറക്ടറും വികാരി ജനറാളുമായ മോൺ. തോമസ് മുളവനാൽ, റവ. ഫാ അബ്രാഹം മുത്തോലത്ത് എന്നിവർ സന്നിഹിതരായിരുന്നു. തികഞ്ഞ കൈയ്യടിയോടെയാണ് സജിയച്ചൻ രൂപകല്പന ചെയ്ത കുരിശിൻ്റെ വഴിയെന്ന ആദ്യ ആൽബത്തിന് ശേഷമുള്ള അവർണ്ണനീയം ജനം സ്വീകരിച്ചത്. ഇതിലുള്ള 12 ഗാനങ്ങളുടെ രചനയും 3 ഗാനങ്ങളുടെ സംഗീത സംവിധാനവും നിർവ്വഹിച്ചതോടൊപ്പം ഒരു ഗാനം ആലപിച്ചിരിക്കുന്നതും സജിയച്ചനാണ്. പീറ്റർ ചേരാനാല്ലൂർ 12 ഗാനങ്ങളുടെ സംഗീത സംവിധാനവും ഒരു ഗാനം ആലപിക്കുകയും ചെയ്തപ്പോൾ 3 ഗാനങ്ങൾ രചിച്ചത് ബേബി ജോൺ കലയന്താനിയാണ്. ബിജു നാരായണൻ, മധു ബാലകൃഷ്ണൻ, പിറവം വിത്സൺ, കെസ്റ്റർ, ശ്രേയക്കുട്ടി തുടങ്ങിയ പ്രശസ്തരായ ഗായകരാണ് മറ്റു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ദിവ്യ കാരുണ്യ സന്നിധിയിൽ ആരാധനയുടെ നിമിഷങ്ങളിൽ ലഭിച്ച ഉൾകാഴ്ചകളാണ് ഗാനങ്ങളുടെ ഉള്ളടക്കം. ആദ്യമായ് എന്റെയുള്ളിൽ... ആയിരം മെഴുതിരി എരിയുന്ന ശോഭയിൽ...അമ്മയാം മേരിതൻ... എന്നീ ഗാനങ്ങൾ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ഷിക്കാഗോ, ഹൂസ്റ്റൺ ക്നാനായ പള്ളികളിൽ സി ഡി ലഭ്യമാണെന്ന് ഫാ. സജി പിണർക്കയിൽ അറിയിച്ചു. കൂടുതൽ സിഡികൾ ആവശ്യമുള്ളവർ ഫാ. സജി പിണർക്കയിലുമായി (224 659 6586) ബന്ധപ്പെടുക |
Home > Recent News >