Home‎ > ‎Recent News‎ > ‎

രണ്ടു ലക്ഷം ഡോളർ സമാഹരിച്ച ക്നാനായ റീജിയൺ നറുക്കെടുപ്പ്: ഷാജി & മിനി എടാട്ടിന് ഒന്നാം സമ്മാനം.

posted Dec 27, 2016, 9:07 AM by News Editor   [ updated Dec 27, 2016, 9:08 AM ]

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ധനശേഖരണാർത്ഥം നടത്തപ്പെട്ട റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പിൽ ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ഷാജി & മിനി എടാട്ട് ഒന്നാം സമ്മാനമായ $5000 ന് അർഹനായി.  ചിക്കാഗോയിൽ നിന്ന് തന്നെയുള്ള ജോസ് & മേരി പിണർക്കയിൽ രണ്ടാം സമ്മാനമായ 4 പവൻ സ്വർണ്ണം കരസ്ഥമാക്കി. മൂന്നാം സമ്മാനമായ ആപ്പിൾ ലാപ് ടോപ്പിനായി തെരഞ്ഞെടുക്കപ്പെട്ടത് ന്യൂ ജേഴ്സി ക്നാനായ മിഷനിൽ നിന്നുള്ള ജോസ്‌കുഞ്ഞ് ചാമക്കാലായിലാണ്. ആദ്യത്തെ രണ്ടു സമ്മാനാർഹരും  നറുക്കെടുപ്പ് വേദിയിൽ വച്ച് തന്നെ സമ്മാനങ്ങൾ ക്നാനായ റീജിയന്റെ ഫണ്ടിലേക്ക് സംഭാവനയായി നൽകി. ക്രിസ്തുമസ് രാവിൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് പള്ളിയിൽ വച്ച്, ക്രിസ്തുമസ് കുർബ്ബാനയ്ക്ക് ശേഷമാണ് നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പിന്റെ ആദ്യ ടിക്കറ്റ് കരസ്ഥമാക്കികൊണ്ട് ഈ പരിപാടിയുടെ ഉദ്ഘാടന കർമ്മത്തിൽ പങ്കാളിയായ ജോസ് പിണർക്കയിൽ, നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിൽ നിന്നും ആദ്യമായി വിസിറ്റേഷൻ സന്യാസ സമൂഹത്തിലേക്ക് അംഗമായി കൊണ്ട് മുന്നോട്ടു വന്ന സി. ജൊവാൻ, ക്നാനായ സമൂഹത്തിന്റെ പുതു തലമുറയെ പ്രതിനിധീകരിച്ച് മാസ്റ്റർ ഷോബിൻ കണ്ണമ്പള്ളി എന്നിവരാണ് നറുക്കെടുത്തത്.

ക്നാനായ റീജിയന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർത്ഥം നടത്തപ്പെട്ട നറുക്കെടുപ്പിലൂടെ രണ്ടുലക്ഷത്തോളം ഡോളർ സമാഹരിക്കുവാൻ സാധിച്ചു എന്നത് ക്നാനായ റീജിയനോട് ക്നാനായ സമൂഹത്തിനുള്ള പ്രതിബദ്ധതയുടെയും സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും പ്രതിഫലനമാണ് എന്ന് നറുക്കെടുപ്പിന് നേതൃത്വം നൽകിയ ക്നാനായ റീജിയൺ ഡയറക്ടർ ഫാ. തോമസ് മുളവനാൽ അറിയിച്ചു. ധനശേഖരണത്തിനായി ടിക്കറ്റുകൾ എടുത്ത് സഹകരിച്ച ക്നാനായ റീജിയണിലെ എല്ലാ ഇടവകകളിലെയും മിഷനുകളിലെയും അംഗങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഈ ധന ശേഖരണ പരിപാടിക്ക് നേതൃത്വം നൽകിയ ജോയി നെടിയകാലായിൽ, പീറ്റർ കുളങ്ങര, ജോസ് പിണർക്കയിൽ, ഗ്രേസി വാച്ചാച്ചിറ, മെഗാ സ്‌പോൺസറായ ശ്രീ ജോൺ പുതുശ്ശേരി, ഒന്നാം സമ്മാനം സ്പോൺസർ ചെയ്ത ശ്രീ സോമൻ കോട്ടൂർ, രണ്ടാ൦ സമ്മാനം സ്പോൺസർ ചെയ്ത ശ്രീ ജെയ്മി മച്ചാത്തിൽ മൂന്നാം സമ്മാനം സ്പോൺസർ ചെയ്ത എബി പ്രാലേൽ (താമ്പാ) എന്നിവരെ  അദ്ദേഹം അഭിനന്ദിക്കുകയും അവർക്ക് നന്ദി പറയുകയും ചെയ്തു. നറുക്കെടുപ്പിന് ഇടവക വികാരിയും ക്നാനായ റീജിയൺ ഡിറക്ടറുമായ ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത്, ധനശേഖരണപരിപാടിയുടെ കോർഡിനേറ്റേഴസ് ആയ ജോയി നെടിയകാലായിൽ, പീറ്റർ കുളങ്ങര, ജോസ് പിണർക്കയിൽ, ഗ്രേസി വാച്ചാച്ചിറ എന്നിവർ നേതൃത്വം നൽകി.