ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ 2020ലെ ക്രിസ്മസ് ആഘോഷങ്ങൾ കോവിഡ് -19 മഹാമാരിയുടെ നടുവിലും തികച്ചും വ്യത്യസ്തവും അർത്ഥപൂർണവും ആയി ആചരിച്ചു. ഡിസംബർ 7 മുതൽ 17 വരെ ഇടവകയിലെ ഓരോ കൂടാരയോഗങ്ങളുടെ ക്രിസ്മസ് ആഘോഷം “സും മീറ്റിംഗിലിലൂടെ”അതാതു കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തി. വികാരി ഫാ. തോമസ് മുളവനാലും, ഫാ. റ്റോം കണ്ണന്താനവും , ഡീക്കൻ ജോസഫ് തച്ചാറയും ഓരോ പ്രോഗ്രാമിലും പങ്കെടുത്തു. കരോൾ ഗാനാലാപനങ്ങളും ബൈബിൾ സന്ദേശവും പരസ്പര കുശലാന്വേഷണങ്ങൾ ഒക്കെയായി തികച്ചും കുടുംബ ബന്ധങ്ങളുടെ ഊഷ്മളതകൾ പങ്കുവെച്ച ഒരു ക്രിസ്മസ് ആഘോഷമായിരുന്നു സൂം വഴി സമ്മാനിച്ചത്. ഓരോ കൂടാരയോഗങ്ങൾക്കുശേഷം വരുന്ന ദിനം പ്രസ്തുത കൂടാരയോഗത്തിന്റെ കുമ്പസാരത്തിന്റെയും പ്രാർത്ഥനയുടെയും ദിനമായി ആചരിക്കപ്പെട്ടു. പ്രസ്തുത ദിനത്തിലെ ദിവ്യബലിയും ആ കൂടാരയോഗത്തിന്റെ നിയോഗങ്ങൾക്കായി സമർപ്പിക്കപ്പെട്ടു. ഡിസംബർ 21,22,23 തിയതികളിൽ വൈകുന്നേരങ്ങളിൽ വി.ബലിക്ക് ശേഷം അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ നേതൃത്വത്തിൽ നടത്തിയ തിരുപ്പിറവി ഒരുക്ക ധ്യാനവും ഇടവകാംഗങ്ങൾ ലൈവ് ടെലികാസ്റ്റ്ലൂടെ പങ്കെടുത്തു. പ്രസ്തുത ദിനങ്ങളിൽ ഇടവകയിലെ യുവജനങ്ങളും കുട്ടികളും കുമ്പസാരിച്ച് വിശുദ്ധ ബലിയിലൂടെ ക്രിസ്മസ്നായി ഒരുങ്ങി. ഡിസംബർ 24 വൈകിട്ട് അഞ്ചുമണിക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള ക്രിസ്മസ് തിരുകർമ്മങ്ങൾ യുവജനങ്ങൾക്കായി പ്രത്യേക മാറ്റിവയ്ക്കപ്പെട്ടതായിരുന്നു. യുവജനങ്ങളുടെ മനോഹരമായ ഗാനങ്ങളും ഊർജ്ജസ്വലമായ പങ്കാളിത്തവും ആചരണങ്ങളെ പൂർവാധികം ഭംഗിയാക്കി. രാത്രി ഏഴു മണിക്കത്തെ പ്രധാനതിരുനാളിലെ തിരുകർമ്മങ്ങളിലും ശുശ്രൂഷയിലും വികാരി ഫാ. തോമസ് മുളവനാൽ മുഖ്യകാർമ്മികൻ ആയിരുന്നു. ഫാ. റ്റോം കണ്ണന്താനവും ഡീക്കൻ ജോസഫ് തച്ചാറയും ബഹു.സിസ്റ്റേഴ്സും തിരുകർമ്മങ്ങളിൽ സജീവപങ്കാളിത്തത്തോടുകൂടി ഭാഗഭാഗിത്വം വഹിച്ചു. മനോഹരമായ ഗാനങ്ങളുമായി ഗായകസംഘം തിരുകർമ്മങ്ങളെ കൂടുതൽ ഭക്തിസാന്ദ്രമാക്കി. ക്രിസ്മസ് സന്ദേശാനന്തരം ബഹു. ഫാ. തോമസ് മുളവനാൽ ഇടവകയിലെ സി സി ഡി കോഡിനേറ്റയ്സ്, സി സി ഡി സ്റ്റുഡൻസ്, മാതാപിതാക്കൾ, യുവജനങ്ങൾ, ഇടവകയിലെ ഭാരവാഹികളായി പ്രവർത്തിക്കുന്ന വ്യക്തികൾ,ഗായകസംഘം, ലൈവ് ടെലിക്കാസ്റ്റിന് നേതൃത്വം നൽകുന്നവർ, ബഹു. സിസ്റ്റേഴ്സ് തുടങ്ങി ഏവരെയും അഭിനന്ദിക്കുകയും പ്രത്യേകം നന്ദി പറയുകയും ചെയ്തു. ഡിസംബർ 25ന് രാവിലെ രണ്ടു സമയങ്ങളിൽ നടത്തിയ വി. കുർബാനകളിലും ഇടവകഗംങ്ങൾക്ക് പങ്കെടുക്കാനുള്ള അവസരം ഒരുക്കിയിരുന്നു. ഇടവകയിലെ എക്സിക്യൂട്ടീവിന്റെയും വോളണ്ടിയേഴ്സന്റെയും നേതൃത്വത്തിൽ നടത്തിയ ദീപാലങ്കാരങ്ങളും പുൽക്കൂടുകളും ക്രിസ്മസ് രാവിനെ കൂടുതൽ ശോഭയുള്ളതാക്കി. അങ്ങനെ പൂർവ്വാധികം ഭംഗിയായി 2020ലേ ക്രിസ്മസ് ആഘോഷങ്ങൾ നന്ദിയുടെയും സ്നേഹത്തിന്റെയും ഉണർവുള്ള ഒരു ആചരണം ആയി ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ സമുചിതമായി ആഘോഷിച്ചു. സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ.ഒ) |
Home > Recent News >