രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്‌ക്കു ശേഷം കാപ്പി കഴിഞ്ഞു മഠത്തിലെ ചില ജോലികള്‍ ചെയ്‌തുകൊണ്ടിരുന്നപ്പോള്‍ തികച്ചും അപ്രതീക്ഷിതമായാണ് ആ ഫോണ്‍ കോള്‍ എനിക്കു ലഭിച്ചത്. ഫോണിന്റെ അങ്ങേ തലയ്‌ക്കല്‍ ഇടവകയിലെ മതാദ്ധ്യാപിക. ടീച്ചര്‍ അവരുടെ സങ്കടമുണര്‍ത്തിച്ചു; സിസ്റ്റര്‍ എന്റെ മൂത്ത മകന്‍ എഞ്ചിനീയറിംഗിനു പഠിക്കുന്നവന്‍ എന്നോടു പറയുകയാണ്, ലോക് ഡൗണിനു ശേഷം ഞായറാഴ്‌ചകളില്‍ ഞാന്‍ ശാലോമിലെ കുര്‍ബ്ബാന കണ്ടുകൊള്ളാം. രാവിലെ എഴുന്നേറ്റ് പള്ളിയില്‍ പോകാന്‍ എന്നെ നിര്‍ബന്ധിക്കരുത്. ആകെ ഒരു ദിവസമേ എനിക്ക് അവധിയുള്ളൂ. അന്നിത്തിരി കൂടുതല്‍ ഉറങ്ങണം. ഇപ്പോള്‍ ഇങ്ങനെയൊക്കെ ആകാമെങ്കില്‍ പിന്നീട് ഇങ്ങനെയായാല്‍ എന്താ കുഴപ്പം? മകന്റെ നിര്‍ബന്ധത്തിനു മുമ്പില്‍ പകച്ചു പോയി വിശ്വാസജീവിതത്തിനു പ്രാധാന്യം കൊടുക്കുന്ന ടീച്ചറിന്റെ കുടുംബം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ലോക്‌ഡൗണിനുശേഷം വിശുദ്ധ കുര്‍ബ്ബാനയ്‌ക്കായി പള്ളിയില്‍ പോകണമോ? ഓണ്‍ലൈനില്‍കൂടി വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്താല്‍ മതിയോ? എന്ന സംശയം ചിലരിലെങ്കിലുമുണ്ടാകാം. ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലൂടെ ചിലര്‍ ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും നാം കാണുന്നുണ്ട്. ഈ അവസരത്തില്‍ വിശ്വാസികളായ നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇളവ് (Dispensation) കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന് ഭാരതസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന കാലയളവില്‍ സഭാ നേതൃത്വം വിശ്വാസികള്‍ക്ക് ഞായറാഴ്‌ചകളിലും കടമുള്ള തിരുനാളുകളിലും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കണമെന്നുള്ള സഭാനിയമത്തില്‍ നിന്നും ഇളവ് (Dispensation) നല്‍കിയിരിക്കുകയാണ്. സഭയുടെ നിയമപ്രകാരം ഗൗരവതരമായ സാഹചര്യങ്ങളില്‍ സഭാനിയമങ്ങളില്‍ നിന്നും വിശ്വാസികള്‍ക്ക് വിടുതല്‍ നല്‍കുവാന്‍ സഭാധികാരികള്‍ക്ക് സാധിക്കും. (CCEO 1536,1:CCC 2183) എങ്കിലും ഈ കാലഘട്ടത്തില്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്‌ക്കും ദൈവൈക്യ ജീവിതത്തിനും സഹായിക്കുന്നതിനുവേണ്ടി മാധ്യമങ്ങളിലൂടെയുള്ള വിശുദ്ധ കുര്‍ബ്ബാന സഭ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ മാധ്യമങ്ങളിലൂടെയുള്ള ബലിയര്‍പ്പണം ദൈവാലയത്തില്‍ വന്ന് ബലിയര്‍പ്പിക്കുന്നതിന് പകരമാകില്ല. ഇതിനെക്കുറിച്ച് കൂദാശകള്‍ക്കും ആരാധനയ്‌ക്കുമായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: "സംപ്രേഷണം ചെയ്യപ്പെടുന്ന വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണം കണ്ടുകൊണ്ട് അതില്‍ പങ്കെടുത്തുകൊണ്ട് ദൈവത്തെ കണ്ടുമുട്ടിയെന്ന് ഭാവിക്കുമ്പോള്‍ നാം നമ്മെത്തന്നെ വഞ്ചിക്കുകയാണ്. സ്വന്തം അമ്മയുടെ മരിച്ചടക്കിന്റെ ദൃശ്യം ടിവിയില്‍ കണ്ടിട്ട് ഞാനിവിടെ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടാന്‍ ആര്‍ക്കും സാധിക്കുകയില്ല. സാങ്കേതിക ഉപാധികള്‍ക്ക് അടിയറ വയ്‌ക്കുകയാണെങ്കില്‍ നാം ദൈവത്തോടുളള ബന്ധത്തെ വികലമാക്കുകയാണ്". കൂട്ടായ്‌മയും സജീവ പങ്കാളിത്തവും സാധ്യമാകുന്നില്ലെന്നതാണ് മാധ്യമങ്ങളിലൂടെയുള്ള കുര്‍ബ്ബാനയര്‍പ്പണത്തിന്റെ വലിയ പോരായ്‌മ. പരിശുദ്ധ ത്രിത്വത്തോടുള്ള കൂട്ടായ്‌മ ആരാധന ക്രമം പരിശുദ്ധ ത്രിത്വത്തിന്റെ പ്രവര്‍ത്തിയാണ്. സൃഷ്‌ടിയുടെയും രക്ഷയുടെയും സ്രോതസ്സ് എന്ന നിലയില്‍ പിതാവ് ആരാധിക്കപ്പെടുന്നു. ക്രിസ്‌തുവിന്റെ രക്ഷാകര രഹസ്യം അവിടെ പരിശുദ്ധാത്മാവിനാല്‍ സന്നിഹിതമാക്കപ്പെടുന്നു. പരിശുദ്ധ ത്രിത്വവുമായുള്ള സംസര്‍ഗ്ഗവും സഹോദരപരമായ സംസര്‍ഗ്ഗവും ആരാധന ക്രമത്തില്‍ വേര്‍തിരിക്കാനാവാത്ത വിധം പരിശുദ്ധാത്മാവിന്റെ ഫലമാണ് (CCC 1108). അടയാളങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും നാം അനുഭവിച്ചറിയുന്ന ഈ കൂട്ടായ്‌മ മാധ്യമങ്ങളിലൂടെ നമുക്ക് ലഭ്യമാകുന്നില്ല. വാങ്ങി ഭക്ഷിക്കുവിന്‍ മറ്റു കൂദാശകളിലൂടെ നാം ദൈവകൃപ സ്വീകരിക്കുന്നുവെങ്കില്‍, വിശുദ്ധ കുര്‍ബ്ബാനയില്‍ കൃപാവര ദാതാവായ കര്‍ത്താവിനെ തന്നെയാണ് നാം സ്വീകരിക്കുന്നത്. "നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവന്‍ ഉണ്ടാവുകയില്ല"; (യോഹ 6:53). ദിവ്യകാരുണ്യം സ്വീകരിച്ച് നാം ക്രിസ്‌തുവിന്റെ ശരീര രക്തങ്ങളുടെ ഭാഗമായി തീരുന്നു. മാധ്യമങ്ങളിലൂടെയുള്ള കുര്‍ബ്ബാനയുടെ ഏറ്റവും വലിയ കുറവ് ഈശോയുടെ തിരുശരീര രക്തങ്ങളുടെ ഈ സജീവ സാന്നിദ്ധ്യവും അത് സ്വീകരിക്കുവാനുള്ള സാധ്യതയും നമുക്ക് ലഭിക്കുന്നില്ലെന്നതാണ്. വിശുദ്ധ കുര്‍ബ്ബാനയുടെ സ്വീകരണത്തിലാണല്ലോ ബലിയര്‍പ്പണം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. സഭയോടുള്ള കൂട്ടായ്‌മ കൂദാശകള്‍ രണ്ടര്‍ത്ഥത്തില്‍ സഭയുടേതാണ്. സഭയിലൂടെയാണ് കൂദാശകള്‍ പരികര്‍മ്മം ചെയ്യപ്പെടുക. സഭയ്‌ക്കുവേണ്ടിയാണ് കൂദാശകള്‍ (CCC 1118). കൂദാശകളാണ് സഭയെ പടുത്തുയര്‍ത്തുന്നത്. മാദ്ധ്യമങ്ങളിലൂടെയുള്ള കൂദാശകള്‍ ക്രിസ്‌തുവിന്റെ മൗതിക ശരീരത്തെ ആ നിലയില്‍ പടുത്തുയര്‍ത്തുന്നില്ല. ആരാധന ക്രമങ്ങള്‍ സ്വകാര്യ കര്‍മ്മങ്ങളല്ല. അവ സഭാശരീരം മുഴുവന്റേതുമാണ് (CCC 1140). വിശ്വാസികളോടൊപ്പം ആഘോഷിക്കേണ്ട ആരാധന ക്രമം ആവുന്നത്ര പൊതുവായി ആഘോഷിക്കണം, അവ സ്വകാര്യമായി ആഘോഷിക്കരുതെന്നും സഭ പഠിപ്പിക്കുന്നു (SC 27). ഓണ്‍ലൈന്‍ വഴിയുള്ള കുര്‍ബ്ബാനയുടെ അപകടത്തെക്കുറിച്ച് ഏപ്രില്‍ 17-ാം തീയതി Domous Sanctae Martha ലെ ദിവ്യബലി മദ്ധ്യേ പരിശുദ്ധ പിതാവ് ഇപ്രകാരം പറഞ്ഞു: ഓണ്‍ലൈന്‍ വഴിയുള്ള കുര്‍ബ്ബാനയും ആത്മീയ കൂട്ടായ്‌മയും യഥാര്‍ത്ഥത്തില്‍ സഭയെ പ്രതിനിധീകരിക്കുന്നില്ല, ഇത് വിഷമകരമായ ഈ ഘട്ടത്തിലെ സഭാജീവിതമാണ്. കൂദാശകളിലും സഭയിലും ദൈവജനത്തിലും നിന്ന് വിട്ടുനിന്ന് തങ്ങളില്‍ തന്നെ ജീവിക്കുന്ന ഒരു വിശ്വാസി സമൂഹത്തെയാണ് ഓണ്‍ലൈന്‍ കുര്‍ബ്ബാനയില്‍ കാണുന്നത്. സഭ എല്ലായ്‌പ്പോഴും കൂദാശകളോടും ജനങ്ങളോടും കൂടിയുളളതാണ്. ഈശോയോടുള്ള ബന്ധം ആഴമേറിയതും അങ്ങേയറ്റം വ്യക്തിപരവുമാണ്. കൂട്ടായ്‌മയില്ലാതെ, ദിവ്യകാരുണ്യമില്ലാതെ ദൈവജനം ഒന്നിച്ചു കൂടാതെയല്ല കര്‍ത്താവുമായി അടുപ്പമുണ്ടാക്കേണ്ടത് (Cfr. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഏപ്രില്‍ 17, 2020). ലിറ്റര്‍ജി എന്ന വാക്കിന്റെ ഉത്ഭവാര്‍ത്ഥം പൊതുവായ പ്രവര്‍ത്തിയെന്നാണ്. ക്രൈസ്‌തവാര്‍ത്ഥത്തില്‍ ഇതിന് ദൈവത്തിന്റെ പ്രവര്‍ത്തിയിലുള്ള ദൈവജനത്തിന്റെ പങ്കുചേരല്‍ എന്നാണര്‍ത്ഥം (CCC 1069). ആരാധനക്രമത്തില്‍ യേശുക്രിസ്‌തുവിന്റെ മൗതികശരീരം അതായത് ശിരസ്സായ ക്രിസ്‌തുവും അവയവങ്ങളായ വിശ്വാസികളും ചേര്‍ന്ന് പൂര്‍ണ്ണമായ പൊതു ആരാധന നടത്തുന്നു. സഭ കുര്‍ബ്ബാന കാണുകയല്ല, കര്‍ത്താവിന്റെ ബലി അള്‍ത്താരയില്‍ സന്നിഹിതമാക്കുകയാണ്. കുരിശിലെ ബലിയും അള്‍ത്താരയിലെ ബലിയും ഒന്നുതന്നെ; ബലി വസ്‌തുവും ഒന്നുതന്നെ. അര്‍പ്പിക്കപ്പെടുന്ന രീതിക്കു മാത്രമേ വ്യത്യാസമുള്ളൂ. കുരിശില്‍ രക്തം ചിന്തിയും അള്‍ത്താരയില്‍ കൗദാശികമായും സഭ തന്റെ ശിരസ്സിന്റെ സമര്‍പ്പണത്തില്‍ ഭാഗഭാക്കാകുന്നു. അവിടുത്തോടുകൂടെ അവള്‍ മുഴുവനായി സമര്‍പ്പിക്കപ്പെടുന്നു (CCC1367). ബലി അനുഭവവേദ്യമാകുന്നത് അര്‍പ്പിക്കുമ്പോഴാണ്, കാണുമ്പോഴല്ല. കാര്‍മ്മികനോട് ചേര്‍ന്ന് നാം നമ്മെത്തന്നെ സമര്‍പ്പിക്കേണ്ടത് അള്‍ത്താരയിലെ അര്‍പ്പണത്തിലാണ്. വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണത്തില്‍ പൂര്‍ണ്ണവും ബോധപൂര്‍വ്വകവും സജീവവുമായ ഭാഗഭാഗിത്വം എല്ലാ വിശ്വാസികള്‍ക്കുമുണ്ട്. വായനക്കാര്‍, സഹായികള്‍, വ്യാഖ്യാതാക്കള്‍, ഗായകസംഘം, ദിവ്യകാരുണ്യം നല്‍കുന്നവര്‍, കാഴ്‌ച വസ്‌തുക്കള്‍ കൊണ്ടുവരുന്നവര്‍ എന്നിങ്ങനെ ദൈവജനം മുഴുവന്റെയും സജീവ ഭാഗഭാഗിത്വം അവരുടെ ശാരീരിക സാന്നിദ്ധ്യത്തിലേ ഉറപ്പാക്കാനാവൂ. ഞായറാഴ്‌ച ആചരണം ഞായറാഴ്‌ചകളിലും നിയമാനുസൃതമായ മറ്റ് തിരുനാളുകളിലും വിശ്വാസികള്‍ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ കടപ്പെട്ടിരിക്കുന്നു (CCC 2180). ആദിമസഭയില്‍ അപ്പസ്‌തോലന്മാരുടെ പ്രബോധനത്തിന്റെ ഫലമാണ് കൂട്ടായ്‌മ. കൂട്ടായമയുടെ ശ്രേഷ്‌ഠ പ്രകടനമാണ് അപ്പം മുറിക്കല്‍. ആദിമസഭയില്‍ വിശ്വാസികള്‍ ഏകമനസ്സോടെ താല്‌പര്യപൂര്‍വ്വം അനുദിനം ദൈവാലയത്തില്‍ ഒന്നിച്ചു കൂടിയിരുന്നു (Acts. 2: 46). സഭയുടെ ദൃശ്യാവിഷ്‌ക്കാരമായ വിശ്വാസികളുടെ കൂട്ടായമയിലാണ് അപ്പം മുറിക്കല്‍ ആഘോഷിച്ചിരുന്നത് (cfr. 1 കോറി 11: 17-34). പിന്നീട് മതമര്‍ദ്ദന കാലത്ത് സ്വജീവനെപ്പോലും അവഗണിച്ച് സഭാംഗങ്ങള്‍ ഭൂഗര്‍ഭാലയങ്ങളില്‍ ഒന്നിച്ചു കൂടി പ്രാര്‍ത്ഥിച്ചിരുന്നു. ഞായറാഴ്‌ച കുര്‍ബ്ബാനയുടെ സാമൂഹിക ആഘോഷത്തിലെ ഭാഗഭാഗിത്വം ക്രിസ്‌തുവിനോടും അവിടുത്തെ സഭയോടുമുള്ള ഐക്യത്തിന്റെയും വിശ്വസ്‌തതയുടെയും സാക്ഷ്യമാണ്. വിശുദ്ധ ക്രിസോസ്റ്റോം പറയുന്നു, "നിനക്ക് വീട്ടിലിരുന്ന് പ്രാര്‍ത്ഥിക്കാം എന്നാല്‍ അത് ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്നതുപോലെയല്ല. അവിടെ മനസ്സുകളുടെ ഐക്യവും സ്‌നേഹത്തിന്റെ ബന്ധവുമുണ്ട്" (CCC 2179). ദൈവാരാധനയുടെ സമയവും സ്ഥലവും വിശുദ്ധ കുര്‍ബ്ബാനയ്‌ക്കായി മാറ്റിവച്ചിരിക്കുന്ന സ്ഥലം (Liturgical space) ആണ് ദൈവാലയം. ഇത് കേവലമൊരു സമ്മേളന സ്ഥലങ്ങളല്ല. ഒരു സ്ഥലത്ത് ജീവിക്കുന്ന സഭയെ സൂചിപ്പിക്കുകയും ദൃശ്യമാക്കുകയും ചെയ്യുന്നവയാണ് (cfr. CCC 1180, 1348, 2691). അതുപോലെ വിശുദ്ധ കുര്‍ബ്ബാനയ്‌ക്കായി പള്ളിക്കകത്തേക്ക് നാം പ്രവേശിക്കുമ്പോള്‍ ഈ ലോകത്തില്‍ നിന്നും വ്യത്യസ്‌തമായൊരും സ്ഥലത്തേക്കും സമയത്തേക്കും നാം പ്രവേശിക്കുകയാണ്. ക്രിസ്‌തുവിന്റെ പെസഹാ അര്‍പ്പണത്തിന്റെ സ്ഥലത്തേക്കും മണിക്കൂറിലേക്കും നാം പ്രവേശിക്കുകയാണ്. ദൈവാലയത്തിന്റെ കേന്ദ്രമാകുന്ന ബലിപീഠത്തില്‍ കൗദാശിക അടയാളങ്ങളിലൂടെ കുരിശിന്റെ യാഗം സന്നിഹിതമാക്കപ്പെടുന്നു. ബലിപീഠം കര്‍ത്താവിന്റെ ഭക്ഷണ മേശയുമാണ്. അതിലേക്ക് ദൈവജനം ക്ഷണിക്കപ്പെട്ടിരിക്കുന്നു.(CCC 1182). കത്തോലിക്കാ ആദ്ധ്യാത്മികതയുടെ അടിസ്ഥാന സ്വഭാവം അത് കൗദാശിക (Sacramental) മാണെന്നുള്ളതാണ്. ഡോ. നിര്‍മ്മല്‍ ഔസേപ്പച്ചന്‍ ഐ.എ.എസ് ഒരഭിമുഖത്തില്‍ പറയുകയുണ്ടായി: ആദ്യകുര്‍ബ്ബാന സ്വീകരണശേഷം ഇതുവരെ കുര്‍ബ്ബാന മുടക്കിയിട്ടില്ലെന്ന്. വിശുദ്ധ കുര്‍ബ്ബാനയുടെ സമയം നോക്കി ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്ന ഇദ്ദേഹം ഐ.എ.എസ് പരിശീലന കാലത്ത് 160 കിലോമീറ്റര്‍ യാത്ര ചെയ്‌ത് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തിട്ടുണ്ടത്രേ. പ്രശസ്‌ത എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ് (അഡീഷണ്‍ ചീഫ് സെക്രട്ടറി, കേരളം) സാധ്യമാകുന്ന എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുക മാത്രമല്ല, വിശുദ്ധ കുര്‍ബ്ബാനയില്‍ ശുശ്രൂഷ ചെയ്യുകയും ചെയ്‌തിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദിവ്യകാരുണ്യം സ്വന്തമാക്കുവാന്‍ ഇവരുടെ മാതൃക നമ്മെ പ്രചോദിപ്പിക്കണം. വിശുദ്ധ കുര്‍ബ്ബാന അര്‍പ്പണം എനിക്ക് ഫലപ്രദമാകുവാന്‍ എന്റെ സജീവ സാന്നിദ്ധ്യവും പങ്കാളിത്തവും ആവശ്യമാണ്. അതിനു ചിലപ്പോള്‍ പലതരത്തില്‍ നാം വിലകൊടുക്കേണ്ടതായി വരാം. നാം നമ്മുടെ മാതാപിതാക്കളെയോ പ്രിയപ്പെട്ടവരെയോ ഒക്കെ കാണാന്‍ പോകുന്നത് നിയമത്തെ പ്രതിയല്ല, പ്രത്യുത സ്‌നേഹമുള്ളതുകൊണ്ടാണ്. അതുപോലെ വിശുദ്ധ കുര്‍ബ്ബാനയ്‌ക്കായി ദൈവാലയത്തില്‍ പോകുന്നത് കടമുള്ളതുകൊണ്ടല്ല, ഈശോയെ സ്വീകരിക്കുവാനുള്ള ദാഹം കൊണ്ടായിരിക്കണം. വിശ്വാസവും സ്‌നേഹവുമില്ലെങ്കില്‍ ഈ പോക്കിന് പ്രസക്തിയില്ല. ബന്ധമില്ലാത്ത സാന്നിദ്ധ്യത്തിന് അര്‍ത്ഥമില്ലാത്തതുപോലെ തന്നെ. ഉപസംഹാരം സ്വന്തം ശരീരവും രക്തവും നമുക്കായി പകുത്തു നല്‍കി നിത്യവിധിയില്‍ നിന്നും നിത്യമരണത്തില്‍ നിന്നും നമുക്ക് മോചനം നല്‍കി നിത്യ രക്ഷ സമ്മാനിക്കുന്ന കര്‍ത്താവിനോടുള്ള കറതീര്‍ന്നസ്‌നേഹം കൊണ്ടാകട്ടെ നമ്മുടെ അനുദിന ബലിയര്‍പ്പണം. അത് നിയമം കൊണ്ടോ നിര്‍ബന്ധം കൊണ്ടോ എന്നതിനപ്പുറം ദൈവം നമ്മോടു കാണിക്കുന്ന രക്ഷാകര സ്‌നേഹത്തിന് പ്രതിസ്‌നേഹം കാണിക്കുവാനാകണം. ഇക്കാലഘട്ടത്തില്‍ മറക്കരുതാത്ത ഒരു കാര്യം, ദൈവഭവനമായ ദൈവാലയത്തില്‍ അനുദിനമര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ പ്രത്യേകിച്ച് ഞായറാഴ്‌ചത്തെ ബലിയര്‍പ്പണത്തില്‍ ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടി, സഭയുടെ കൂട്ടായ്‌മയോടു ചേര്‍ന്ന്, വിശ്വാസ സമൂഹത്തോടൊത്ത് പങ്കുചേരുന്നതിനും ഈശോയുടെ തിരുശരീര രക്തങ്ങള്‍ യോഗ്യതയോടെ സ്വീകരിക്കുന്നതിനും പകരമാകില്ല മാധ്യമങ്ങളിലൂടെയുള്ള ബലിയര്‍പ്പണത്തിലെ പങ്കുചേരല്‍. എന്നാല്‍ വിശുദ്ധ ബലിയര്‍പ്പണത്തിന് സാധ്യതയില്ലാത്ത ഇതുപോലുള്ള അവസരത്തില്‍, (കോവിഡ് 19) ദൈവസാന്നിദ്ധ്യ സ്‌മരണയിലും പ്രാര്‍ത്ഥനാരൂപിയിലും വളരുന്നതിനും, അരൂപിക്കടുത്ത് വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുചേരുന്നതിനും സ്വീകരിക്കുന്നതിനും മാധ്യമങ്ങളിലൂടെയുള്ള ബലിയര്‍പ്പണത്തിലെ പങ്കുചേരല്‍ നമ്മെ സഹായിക്കുമെന്ന കാര്യം വിസ്‌മരിക്കുന്നുമില്ല. കടപ്പാട്: Apnades |
Home > Recent News >