ഒർലാൻഡോ: ചിക്കാഗോ സീറോ മലബാർ രൂപതയുടെ ക്നാനായ കാത്തലിക് റീജിയന്റെ ഭാഗമായ ഫ്ലോറിഡായിലെ ഓർലാൻഡോയിൽ പ്രവർത്തിക്കുന്ന സെ.സ്റ്റീഫൻ ക്നാനായ കാത്തലിക് മിഷന് പുതിയ ദൈവാലയം ഇന്ന് സ്വന്തമായി. ഒർലാൻഡോ സിറ്റിയിലെ സസെക്സ് ഡ്രൈവിലുള്ള നാലേക്കർ സ്ഥലവും ദൈവാലയവും വാങ്ങിയാണ് ഒർലാൻഡോയിലെ ക്നാനായ സമൂഹം അജപാലന സൗകര്യം വർദ്ധിപ്പിക്കുന്നത്. 2017 ഡിസംബറിലാണ് ഒരു മിഷൻ സ്ഥാപിക്കുവാനുള്ള ആഗ്രഹം ഒർലാൻഡോയിലെ ക്നാനായ കുടുംബങ്ങൾ രൂപതാ കേന്ദ്രത്തിൽ അറിയിച്ചത്. ടാമ്പാ സേക്രഡ് ഹാർട്ട് ദൈവാലയത്തിന്റെ ഭാഗമായിരുന്ന മുപ്പതോളം കുടുംബങ്ങളാണ് ഓർലാൻഡോയിൽ ഉള്ളത്. 2018 മെയ് 25ന് സെ.സ്റ്റീഫന്റെ നാമധേയത്തിലുള്ള ഒർലാൻഡോ ക്നാനായ മിഷൻ മാർ ജോയി ആലപ്പാട്ട് പിതാവ് ദിവ്യബലി അർപ്പിച്ച് ഉദ്ഘാടനം ചെയ്തു . പുതിയ മിഷൻ ഡയറക്ടറായി ഫാ.മാത്യു മേലേടം നിയമിതനായി. ഫാ.ജോസ് ശൗര്യംമാക്കൽ മിഷൻ രൂപീകരണവേളയിൽ നേതൃത്വം നൽകിയിരുന്നു. ഒർലാൻഡോ മിഷന് 2019 മാർച്ച് മാസത്തിൽ 2 ഏക്കറ് സ്ഥലവും വീടും വാങ്ങി. ഈ മിഷനിൽ എല്ലാമാസവും വി.ബലിയും കൂടാരയോഗങ്ങളും സജീവമായി നടന്നു പോന്നു. 2020 ജനുവരി മുതൽ ബഹുമാനപ്പെട്ട ജോസ് അദോപ്പള്ളിഅച്ചൻ മിഷന്റെ ഡയറക്ടറായി ചുമതല ഏറ്റെടുത്തു. ഒർലാൻഡോയിലെ യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡായുടെ സമീപത്താണ് പുതുതായി വാങ്ങിയ ദൈവാലയവും നാലേക്കർ സ്ഥലവും സ്ഥിതി ചെയ്യുന്നത്. സ്വന്തമായ ഒരു ദൈവാലയം എന്ന ഒർലാൻഡോ ക്നാനായ വിശ്വാസ സമൂഹത്തിന്റെ ആഗ്രഹം സഫലമാകുന്നതിന് ബഹുമാനപ്പെട്ട ജോസ് അദോപ്പള്ളിഅച്ചനും ക്നാനായ റീജിയൻ ഡയറക്ടർ മോൺ. തോമസ് മുളവനാലും പ്രോത്സാഹനം നൽകി. കൈക്കാരന്മാരായ ബോബി കണ്ണംകുന്നേൽ, ജിമ്മി കല്ലൂറുബേൽ എന്നിവരുടെ നേതൃത്വത്തിൽ മിഷനിലെ പാരീഷ് കൗൺസിൽ അംഗങ്ങളും എല്ലാ കുടുംബങ്ങളും ഒത്തുചേർന്നു പ്രവർത്തിച്ചു. അമേരിക്കയിൽ ക്നാനായ കത്തോലിക്ക റീജിയൻ സ്ഥാപിതമായിട്ട് 15 വർഷം പൂർത്തിയാകുന്ന ഇന്ന് (ഏപ്രിൽ 30) റീജിയണിലെ പതിനഞ്ചാമത്തെ ദൈവാലയമായി ഒർലാൻഡോ മിഷൻ മാറുന്നതിൽ വലിയ ദൈവകൃപയും കൃതാർത്ഥതയും ഉണ്ടെന്ന് ക്നാനായ റീജിയൻ ഡയറക്ടർ മോൺ. തോമസ് മുളവനാൽ അനുസ്മരിച്ചു. ഒർലാൻഡോയിലെ ക്നാനായ സമൂഹത്തിന്റെ ദൈവ ആശ്രയവും കൂട്ടായ പരിശ്രമവും റീജിയണിലെ വിവിധ ദൈവാലയങ്ങളുടെ സഹായസഹകരണവുമാണ് സ്വന്തമായൊരു ദൈവാലയവും അനുബന്ധ അജപാലന സൗകര്യങ്ങളും വളർത്തിയെടുക്കുവാൻ കാരണമായത്. പുതിയ ദൈവാലയം യാഥാർഥ്യമാക്കിയ ഒർലാൻഡോ മിഷന് സീറോ മലബാർ രൂപതയുടെയും ക്നാനായ കാത്തലിക് റീജിയന്റെയും അഭിനന്ദനങ്ങളും ആശംസകളും പ്രത്യേകം അറിയിക്കുകയുണ്ടായി. |
Home > Recent News >