Home‎ > ‎Recent News‎ > ‎

കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തിൽ ക്നാനായ റീജിയൺ അനുശോചിച്ചു

posted Jun 16, 2017, 8:18 PM by News Editor   [ updated Jun 16, 2017, 8:18 PM ]

ചിക്കാഗോ: നോർത്ത് അമേരിക്കൻ ക്നാനായ റീജിയൺ കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തിൽ അനുശോചിച്ചു.  നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ സഭാപരമായ വളർച്ചക്ക് ആക്കം കൂട്ടിയ ക്നാനായ റീജിയന്റെ രൂപീകരണത്തിലും പിന്നീട് ക്നാനായ ദൈവാലയങ്ങളുടെ സ്ഥാപനത്തിലും പിതൃ തുല്യമായ വാത്സല്യത്തോടെ എന്നും ശക്തിയും പ്രചോദനവുമായി നിലകൊണ്ടിരുന്ന പിതാവിന്റെ ദേഹവിയോഗത്തിൽ ക്നാനായ റീജിയണിലെ എല്ലാ ഇടവകളോടും മിഷനുകളോടും വൈദീക - സന്യസ്ഥ - അല്മായ സമൂഹത്തോടും ചേർന്ന് അനുശോചനം രേഖപ്പെടുത്തുന്നതായി ക്നാനായ റീജിയൺ ഡയറക്ടർ മോൺ: തോമസ് മുളവനാൽ അറിയിച്ചു.

പിതാവിന്റെ കബറടക്ക ശുശ്രൂഷകളിൽ ക്നാനായ റീജിയനെ പ്രതിനിധീകരിച്ച് മോൺ: തോമസ് മുളവനാൽ പങ്കെടുക്കും. കോട്ടയം അതിരൂപതയിൽ പ്രഖ്യാപിച്ച ഏഴു ദിവസത്തെ ദുഃഖാചരണത്തിൽ ക്നാനായ റീജിയണിലെ എല്ലാ പള്ളികളും മിഷനുകളും പങ്കുചേരുന്നുണ്ട്. ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ ഞായറാഴ്ച രാവിലെ പത്ത് മണിക്കുള്ള വി. കുർബ്ബാനയെ തുടർന്ന് അനുശോചന സമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്.