Home‎ > ‎Recent News‎ > ‎

ക്‌നാനായ സമുദായ ഐക്യം കാത്തുപരിപാലിക്കണം; അതിരൂപതാ കൂരിയ

posted Aug 28, 2017, 12:14 PM by News Editor
കോട്ടയം : അതിരൂപതയെയും ക്‌നാനായ സമുദായത്തെയും സംബന്ധിച്ച്‌ നവമാധ്യമങ്ങളിലൂടെ അവാസ്‌തവവും സമുദായാംഗങ്ങളില്‍ തെറ്റിദ്ധാരണ പരത്താനുതകുന്നതുമായ വാര്‍ത്തകള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കുവാന്‍ ചിലര്‍ നടത്തുന്ന സംഘടിത ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിലിന്റെ അദ്ധ്യക്ഷതയില്‍ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, മലങ്കര റീജിയണ്‍ വികാരി ജനറാള്‍ ഫാ. തോമസ്‌ കൈതാരം, അതിരൂപതാ കൂരിയ അംഗങ്ങളായ ഫാ. തോമസ്‌ കോട്ടൂര്‍, ഫാ. അലക്‌സ്‌ ആക്കപ്പറമ്പില്‍, ഫാ. ഫാ. അലക്‌സ്‌ ഓലിക്കര, പി.ആര്‍.ഒ ഫാ. ജോണ്‍ ചേന്നാക്കുഴി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഫാ. തോമസ്‌ പ്രാലേല്‍, ഡോ. ജോസ്‌ ജെയിംസ്‌, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്‌ പ്രസിഡന്റ്‌ ശ്രീ. സ്റ്റീഫന്‍ ജോര്‍ജ്ജ്‌ , കെ.സി.ഡബ്ല്യു.എ സെക്രട്ടറി ശ്രീമതി ബീന രാജു, കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ ശ്രീ. മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, അപ്‌നാദേശ്‌ ചീഫ്‌ എഡിറ്റര്‍ ഫാ. മാത്യു കുര്യത്തറ, മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സൈജു പുത്തന്‍പറമ്പില്‍, അംഗങ്ങളായ അഡ്വ. ഫാ. ബോബി ചേരിയില്‍, ശ്രീ. ഷിനോ കുന്നപ്പള്ളി, ഫാ. ബിജോ കൊച്ചാദംപള്ളി എന്നിവര്‍ കോട്ടയം മെത്രാസന മന്ദിരത്തില്‍ യോഗം ചേരുകയുണ്ടായി.

നവമാധ്യമങ്ങളിലൂടെ നിലവില്‍ ഉന്നയിച്ചുളള പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം ഇതിനോടകം അതിരൂപതാദ്ധ്യക്ഷന്‍ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടുള്ളതാണ്‌. മാത്രമല്ല രൂപതാദ്ധ്യക്ഷന്‍ സ്വീകരിച്ചിട്ടുള്ള നിലപാടുകളെല്ലാം ഔദ്യോഗിക സമിതികളില്‍ ചര്‍ച്ച ചെയ്‌ത്‌ തീരുമാനിച്ചിട്ടുള്ളതുമാണ്‌. യാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമാക്കിയിട്ടും ക്‌നാനായ സമുദായ താല്‌പര്യം സംരക്ഷിക്കുന്നതിനുവേണ്ടി സദാ നിലകൊള്ളുന്ന അതിരൂപതാദ്ധ്യക്ഷനെക്കുറിച്ച്‌ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നത്‌ ഖേദകരമാണ്‌. ക്‌നാനായ സമുദായാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ മാത്രമല്ല പൊതുസമൂഹത്തില്‍ ക്‌നാനായ സമുദായത്തെ വിലകുറച്ച്‌ കാണിക്കാനും അപകീര്‍ത്തിപ്പെടുത്തുവാനുമുള്ള ആസൂത്രിത നീക്കമാണിതെന്ന്‌ യോഗം വിലയിരുത്തി. കാലാകാലങ്ങളില്‍ കോട്ടയം അതിരൂപതാ നേതൃത്വം സ്വീകരിച്ചിട്ടുള്ള നിലപാടുകളില്‍ നിന്നും തെല്ലും വ്യതിചലിക്കാതെ ഇപ്പോള്‍ അതിരൂപതാ നേതൃത്വം അതിരൂപതയെയും കുടിയേറ്റ മേഖലകളില്‍ സമുദായത്തിനായുള്ള സഭാത്മക സംവിധാനങ്ങളെയും ശക്തിപ്പെടുത്തുവാന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ യോഗം ചര്‍ച്ച ചെയ്യുകയും സംതൃപ്‌തി രേഖപ്പെടുത്തുകയും ചെയ്‌തു.

ആഗോള സഭയില്‍ കോട്ടയം അതിരൂപതയ്‌ക്ക്‌ ലഭ്യമാകാവുന്ന വളര്‍ച്ചാ സാധ്യതകള്‍ക്ക്‌ വിഘാതം സൃഷ്‌ടിക്കുവാനുള്ള ഇത്തരം ശ്രമങ്ങള്‍ സമുദായത്തിന്‌ ഒരു രീതിയിലും ഗുണം ചെയ്യുകയില്ലെന്ന്‌ മാത്രമല്ല വിപരീത ഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ സമുദായത്തിന്റെയും കോട്ടയം അതിരൂപതയുടെയും വളര്‍ച്ചയ്‌ക്ക്‌ തടസ്സമുണ്ടാക്കുന്ന ഇത്തരം പ്രചരണങ്ങളില്‍ നിന്ന്‌ സമുദായ സ്‌നേഹികളായ എല്ലാവരും പിന്മാറണമെന്ന്‌ യോഗം അഭ്യര്‍ത്ഥിച്ചു. സമുദായത്തിന്റെയും അതിരൂപതയുടെയും വളര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കുന്ന ഏതൊരുനിര്‍ദ്ദേശത്തെയും അഭിപ്രായത്തെയും പരിപൂര്‍ണ്ണമായി സ്വാഗതം ചെയ്യുകയാണ്‌. ഇക്കാര്യത്തില്‍ സംശയനിവാരണമോ വ്യക്തതയോ ആവശ്യമുള്ളവര്‍ക്കായി faq@apnades.in എന്ന ഇ മെയില്‍ വിലാസത്തില്‍ ചോദ്യങ്ങള്‍ അറിയിക്കുവാന്‍ വഴിയൊരുക്കുവാനും പ്രസ്‌തുത ചോദ്യങ്ങള്‍ക്ക്‌ സമയാസമയങ്ങളില്‍ ഉത്തരങ്ങള്‍ ലഭ്യമാക്കുവാനും യോഗത്തില്‍ തീരുമാനമായി.

എല്ലാ സഭാസമൂഹങ്ങളെയും ഇതര മതസ്ഥരെയും ആദരിക്കുന്ന വൈശിഷ്‌ട്യമായ പാരമ്പര്യമുള്ള ക്‌നാനായ സമുദായത്തിന്റെ ആ മഹത്തായ പാരമ്പര്യം നിലനിര്‍ത്തി കൊണ്ടുതന്നെ സമുദായത്തിന്റെ വലിയ സമ്പത്തായ ഇഴയടുപ്പം വളര്‍ത്തിയെടുക്കുവാന്‍ സഹായിക്കുന്ന രീതിയില്‍ പരസ്‌പര ബഹുമാനത്തോടെ ആശയവിനിമയം നടത്തണമെന്ന്‌ യോഗം എല്ലാ ക്‌നാനായ സഹോദരങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. ഇതിനായി faq@apnades.in എന്ന ഇ-മെയില്‍ വിലാസം പ്രയോജനപ്പെടുത്തുമല്ലോ.
Comments