Home‎ > ‎Recent News‎ > ‎

ക്നാനായ റീജിയൺ ഫാമിലി കോൺഫ്രൻസ് തീം സോങ്ങ് : സിറിൾ മുകളേൽ വിജയി

posted May 25, 2017, 9:19 AM by News Editor   [ updated May 25, 2017, 1:13 PM ]


ചിക്കാഗോ: നോർത്ത് അമേരിക്കയിലെ  ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന് വേണ്ടിയുള്ള തീം സോങ്ങിനുവേണ്ടി ക്ഷണിച്ച രചനകളിൽനിന്നും, നിരവധി പേരെ പിന്തള്ളി, മിനിസോട്ടയിൽ നിന്നുള്ള സിറിൾ മുകുളേൽ രചിച്ച ഗാനം തെരഞ്ഞെടുക്കപ്പെട്ടു. മുപ്പതോളം രചനകളെ പിന്തള്ളിയാണ് ഫാമിലി കോൺഫറൻസിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച പ്രത്യേക സ്ക്രീനിങ് കമ്മറ്റി, സിറിൽ മുകളിലിന്റെ രചനയെ തെരെഞ്ഞെടുത്തത്. പ്രവാസി ക്നാനായ സമൂഹത്തിലും അമേരിക്കൻ മലയാളികളുടെ ഇടയിലും സുപരിചിതനായ സാഹിത്യകാരനാണ് സിറിൽ മുകളേൽ. പല മാധ്യമങ്ങളിലും പ്രസിദ്ധീകരണങ്ങളിലും പതിവായി കവിതകൾ എഴുതുന്നതിനു പുറമെ, മലയാളത്തിലെ മുൻനിര സംഗീത സംവിധായകർക്ക് വേണ്ടി നിരവധി ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.   "FOSTERING FAITH AND TRADITIONS IN THE KNANAYA FAMILIES" അഥവാ "വിശ്വാസവും പാരമ്പര്യങ്ങളും ക്നാനായ കുടുംബങ്ങളിൽ പരിപോഷിപ്പിക്കുക" എന്ന ആപ്തവാക്യത്തെ മുൻനിർത്തി, മലയാളവും ഇംഗ്ലീഷും മികച്ച രീതിയിൽ ഉപയോഗിച്ചുകൊണ്ട് രചിച്ച ഗാനം, ഫാമിലി കോൺഫറൻസിന്റെ പ്രത്യേക ശ്രദ്ധ നേടും എന്ന് ഉറപ്പായിക്കഴിഞ്ഞു. പ്രശസ്ത സംഗീത സംവിധായകനായ പീറ്റർ ചേരാനല്ലൂർ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനത്തിന് പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോയും, റാണി, സിബി, സിജി, റിൻസി എന്നിവരും ചേർന്നാണ് ശബ്ദം നൽകിയിരിക്കുന്നത്. ജൂൺ 30 മുതൽ ജൂലൈ രണ്ടു വരെ ചിക്കാഗോയിലെ ഇരു ക്നാനായ ദൈവാലയങ്ങളിലുമായി നടത്തപെടുന്ന കോൺഫറൻസിന്റെ ഭാഗമായി ജൂൺ 30 വെള്ളിയാഴ്ച വൈകുന്നേരം നടത്തപെടുന്ന കലാ സന്ധ്യയുടെ  ആമുഖ നൃത്തത്തിന്റെ ഭാഗമായി  ഈ മനോഹരഗാനം അവതരിപ്പിക്കപ്പെടും. നിരവധി യുവതീ യുവാക്കളും മുതിർന്നവരും ചേർന്ന് ചുവടുകൾ വെയ്ക്കുന്ന ഈ നൃത്താവിഷ്കാരം നടക്കുന്ന വേദിയിൽ വച്ച് തന്നെ മികച്ച ഗാനരചനക്കുള്ള പുരസ്കാരം സിറിൾ  മുകളേലിനു നൽകും. 

കത്തോലിക്കാ വിശ്വാസവും ക്നാനായ പാരമ്പര്യങ്ങളും അതിന്റെ തനിമയിലും, യഥാർത്ഥ അർത്ഥത്തിലും മനസ്സിലാക്കുവാനും അവയെ ക്നാനായ കുടുംബങ്ങളിൽ പരിപോക്ഷിക്കുവാനുമുള്ള ഊർജ്ജം പകരുക എന്നുള്ള ദൗത്യമാണ് ഫാമിലികോൺഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുക്കുന്നത്.  ഇതിനായി യുവതീ യുവാക്കൾക്കായി ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവക ദൈവാലയത്തിലും, മുതിർന്നവർക്കായി ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിലുമായാണ് ഫാമിലി കോൺഫ്രൻസ് സംഘടിപ്പിക്കുന്നത്. ഫാമിലി കോൺഫ്രൻസിൽ പങ്കെടുത്ത് അറിവുകൾ നേടുവാനും വളരുവാനുമായി നേർത്ത് അമേരിക്കയിലെ എല്ലാ ക്നാനായ സമുദായാംഗങ്ങളെയും ചിക്കാഗോയിലേക്ക് ക്ഷണിക്കുന്നതായി ഫാമിലി കോൺഫ്രൻസ് ചെയർമാനും ക്നാനായ റീജിയൺ ഡയറക്ടറുമായ മോൺ തോമസ് മുളവനാൽ അറിയിച്ചു.