Home‎ > ‎Recent News‎ > ‎

ക്നാനായ റീജിയൻ ഫാമിലി കോൺഫ്രൻസ്: സായാഹ്നങ്ങളെ വർണ്ണ ശബളമാക്കുന്ന കലാ സന്ധ്യകൾ.

posted Jun 27, 2017, 6:06 AM by News Editor   [ updated Jun 27, 2017, 6:07 AM ]


ചിക്കാഗോ: ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ ജൂലൈ 30, ജൂൺ 1 & 2 തിയ്യതികളിൽ ചിക്കാഗോയിലെ ഇരു ക്നാനായ കത്തോലിക്കാ ദൈവാലയങ്ങളിലുമായി നടത്തപ്പെടുന്ന ഫാമിലി കോൺഫ്രൻസിന്റെ സായാഹ്നങ്ങളെ വർണ സമ്പുഷ്ടമാക്കുവാൻ വിപുലമായ കലാ പരിപാടികളുമായി സംഘാടകർ തയ്യാറായി കഴിഞ്ഞു. കോൺഫറൻസിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച്ച വൈകിട്ട് മുതിർന്നവരും യുവതീ യുവാക്കളും ഒരുമിച്ചാണ് സെന്റ് മേരീസ് ദൈവാലയ ഹാളിൽ വച്ച് നടത്തപ്പെടുന്ന കലാ സന്ധ്യയിൽ പങ്കെടുക്കുന്നത്. നോർത്ത് അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നും എത്തുന്നവരും ചിക്കാഗോയിലെ അനുഗ്രഹീത കലാ കാരന്മാരും കലാ കാരികളും സ്റ്റേജിൽ വർണ്ണ വിസ്മയം തീർക്കുമ്പോൾ, ഈ ഫാമിലി കോൺഫറൻസിന്റെ സായാഹ്നങ്ങൾക്ക് നിറപ്പകിട്ടാർന്ന ദൃശ്യ വിസ്മയം സമ്മാനിക്കും. 

വെള്ളിയാഴ്ചത്തെ പരിപാടികളിൽ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഇനമാണ് സ്വാഗത നൃത്ത്വം. ഫാമിലി കോൺഫറൻസിന്റെ തീം സോങ്ങ് രചനയിൽ സാമാനം കരസ്ഥമാക്കിയ സിറിൾ മുകളേലിന്റെ രചനക്ക് പീറ്റർ ചേരാനല്ലൂർ സംഗീത സംവിധാനം നിർവ്വഹിച്ച്, പിന്നണി ഗായകൻ ഫ്രാൻകോ ആലപിച്ച തീം സോങ്ങിന് ചുവടുകൾ വെയ്ക്കുന്നത് ചിക്കാഗോയിലെ പ്രശസ്ത ഡാൻസ് ടീച്ചറായ ലല്ലു ടീച്ചറിന്റെ ശിക്ഷണത്തിലുള്ള 16 യുവതീ യുവാക്കളാണ്. ഈ തീം സോങ്ങ് ആദ്യമായി അവതരിക്കപ്പെടുന്ന വേദികൂടിയാകും വെള്ളിയാഴ്ചത്തെ കലാ സന്ധ്യയുടെ വേദി. 

ശനിയാഴ്ച്ച വൈകിട്ട് യുവതീ യുവാക്കൾക്ക് ചിക്കാഗോ സേക്രട്ട് ഹാർട്ട് ദൈവാലയത്തിലും മുതിർന്നവർക്കായി സെന്റ് മേരീസ് ദൈവാലയത്തിലുമായി പ്രതേകം പ്രത്യേകമായാണ് കലാ പരിപാടികൾ നടത്തപ്പെടുക. ഞായറാഴ്ചത്തെ സായാഹ്നത്തെ അർത്ഥസമ്പുഷ്ടവും വർണ്ണ വിസ്മയവുമാക്കുന്നത് കൈറോസ് യൂത്ത് ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രൈസ്റ്റ് വിൻ നൈറ്റ് എന്ന വർഷിപ്പ്  കോൺസെർട്ട്   കൊണ്ടാണ്. സാങ്കേതിക മികവോടെ മികച്ച  ശബ്ദത്തിന്റെയും, വർണ്ണ ശബളമായ  വെളിച്ചത്തിന്റെയും പശ്ചാത്തലത്തിൽ,  ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ധ്യാനാത്മകമായ മികച്ച ഒരു സംഗീതപരിപാടിയും അതോടൊപ്പം ആരാധനയുമൊക്കെയായി പുതിയ ഒരു അനുഭൂതി സൃഷ്ടിക്കുന്ന സായാഹ്നമായിരിക്കും ക്രൈസ്റ്റ് വിൻ നൈറ്റിലൂടെ വിഭാവനം ചെയ്യുന്നത്. പ്രശസ്ത സംഗീത സംവിധായകൻ പീറ്റർ ചേരാനല്ലൂരിന്റെ മേൽനോട്ടത്തിൽ അമേരിക്കയിലെ വിവിധ ഭങ്ങളിൽ നിന്നും എത്തുന്ന യുവതീ യുവാക്കളാണ് ക്രൈസ്റ്റ് വിൻ നൈറ്റ് എന്ന സംഗീത പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്. മറ്റ് കലാ പരിപാടികൾക്ക് മേരി ആലുങ്കൽ, ഗ്രേസി വാച്ചാച്ചിറ, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ചുക്കാൻ പിടിക്കുന്നത്.  

അനിൽ മറ്റത്തിക്കുന്നേൽ