ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ ഫാമിലി & യൂത്ത് കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ജൂൺ 30, ജൂലൈ 1 & 2 തീയതികളിൽ ചിക്കാഗോയിലെ സേക്രഡ് ഹാർട്ട് & സെന്റ് മേരീസ് ദൈവാലയങ്ങളിലായി നടത്തപെടുന്ന ഫാമിലി കോൺഫറൻസിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. "FOSTERING FAITH AND TRADITIONS IN THE KNANAYA FAMILIES" അഥവാ "വിശ്വാസവും പാരമ്പര്യങ്ങളും ക്നാനായ കുടുംബങ്ങളിൽ പരിപോഷിപ്പിക്കുക" എന്ന ആപ്തവാക്യത്തോടെയാണ് മൂന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുന്നത്. മുതിർന്നവർക്ക് വേണ്ടി ചിക്കാഗോ സെന്റ് മേരീസിലും യുവജനങ്ങൾക്കുവേണ്ടി ചിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ ദൈവാലയത്തിലുമായാണ് പരിപാടികൾ നടത്തപ്പെടുക. കോട്ടയം അതിരൂപതയിലേയും ചിക്കാഗോ സീറോ മലബാർ രൂപതയിലേയും മെത്രാന്മാർ, പ്രസിദ്ധരായ വചന പ്രഘോഷകർ, ദൈവ ശാസ്ത്ര പണ്ഡിതന്മാർ, അല്മായ പ്രതിനിധികൾ തുടങ്ങി വൈവിധ്യമാർന്ന നേതൃത്വ നിരയാണ് മൂന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ അനുഗ്രഹദായക ദിവസങ്ങളിൽ ക്ലാസ്സുകൾ നയിക്കുവാനായി എത്തുന്നത്. ധ്യാന പ്രസംഗങ്ങളും, സെമിനാറുകളും, സംവാദങ്ങളും, കലാപരിപാടികളുമൊക്കെയായി വർണ്ണശബളമായ ദിവസങ്ങളാണ് ഈ ആഴ്ചയിൽ ചിക്കാഗോയിൽ എത്തുവാൻ പോകുന്നത്. കത്തോലിക്കാ വിശ്വാസവും ക്നാനായ പാരമ്പര്യങ്ങളും അതിന്റെ തനിമയിലും, യഥാർത്ഥ അർത്ഥത്തിലും മനസ്സിലാക്കുവാനും, അവയെ ക്നാനായ കുടുംബങ്ങളിൽ പരിപോക്ഷിക്കുവാനുമുള്ള ഊർജ്ജം പകരുക എന്നുള്ള ദൗത്യമാണ് ഫാമിലികോൺഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തിൽ, കുടുംബങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും വികലമായ സഭാപരമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാർത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച ക്നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകർന്നു നൽകുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്നാനായ റീജിയന്റെ ഫാമിലി കോൺഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്. നോർത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ വളർച്ചയിൽ നിർണ്ണായകമായ ഈ ഫാമിലി കോൺഫ്രൻസിൽ പങ്കെടുക്കുവാനും, ഫാമിലി കോൺഫറൻസിന്റെ വിജയത്തിനായി പ്രാർത്ഥിക്കുവാനും എല്ലാ ക്നാനായ സമുദായാംഗങ്ങളെയും ഒരിക്കൽ കൂടി ഹൃദയപൂർവ്വം ചിക്കാഗോയിലേക്ക് ക്ഷണിക്കുന്നതായി ഫാമിലി കോൺഫ്രൻസ് ചെയർമാനും ക്നാനായ റീജിയൻ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ അറിയിച്ചു. അനിൽ മറ്റത്തിക്കുന്നേൽ |
Home > Recent News >