Home‎ > ‎Recent News‎ > ‎

ക്നാനായ റീജിയൻ ഫാമിലി കോൺഫ്രൻസ് : ഒരുക്കങ്ങൾ ആരംഭിച്ചു.

posted Dec 14, 2016, 6:24 AM by News Editor   [ updated Dec 14, 2016, 7:31 AM ]

ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ക്നാനായ റീജിയൻ ഫാമിലി കോൺഫ്രൻസിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. 2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ ചിക്കാഗോയിൽ വച്ച് നടത്തപെടുന്ന ഫാമിലി കോൺഫ്രൻസിനൊരുക്കമായി കൂടിയ കമ്മറ്റി മീറ്റിങ്ങിൽ, കോൺഫ്രൻസ് ചെയർമാനും ക്നാനായ റീജിയൻ ഡിറ്റക്ടറുമായ ഫാ. തോമസ് മുളവനാൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഫാ. എബ്രഹാം മുത്തോലത്ത്, സെക്രട്ടറി ഫാ. ബോബൻ വട്ടംപുറത്ത് എന്നിവരുടെ സാന്നിധ്യത്തിൽ, കമ്മറ്റി ഒരുക്കങ്ങൾ വിലയിരുത്തി. നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം ഉൾപ്പെടുന്ന ചിക്കാഗോ സീറോ മലബാർ രൂപത, 2017 യുവജന വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, ഫാമിലി കോൺഫ്രൻസിൽ യുവതീ യുവാക്കൾക്കായി ഏറ്റവും അനുയോജ്യമായ രീതിയിൽ സഭാത്മകവും സാമുദായികവുമായ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി ഫാ. തോമസ് മുളവനാൽ ഓർമ്മിപ്പിച്ചു.  കുടുംബങ്ങളുടെ ആദ്ധ്യാത്മികവും സഭാത്മകവും സാമുദായികവുമായ  പുരോഗതിക്കും ശാക്തീരണത്തിനും ഊന്നൽ കൊടുത്തുകൊണ്ട്, സെമിനാറുകളും, ധ്യാന പ്രസംഗങ്ങളും, ബൈബിളിനെ ആസ്പദമാക്കിയുള്ള കലാ പരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഫാമിലി കോൺഫ്രൻസ് വിഭാവനം ചെയ്തിരിക്കുന്നത്. ഫാമിലി കോൺഫറൻസിന്റെ റെജിസ്ട്രേഷൻ ഡിസംബർ  24 നു ആരംഭിക്കുവാൻ തീരുമാനമായി. ഇതിനായി പോൾസൺ കുളങ്ങരയുടെ നേതൃത്വത്തിൽ റെജിസ്ട്രേഷൻ കമ്മറ്റിക്ക് രൂപം കൊടുത്തു. ക്നാനായ റീജിയണിലെ എല്ലാ ഇടവകകളെയും മിഷനുകളെയും ബന്ധപ്പെടുത്തികൊണ്ടു കമ്മറ്റികൾ വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കോൺഫ്രൻസ് വൈസ് ചെയർമാൻ ഫാ. എബ്രഹാം മുത്തോലത്ത് അറിയിച്ചു. 

റെജിസ്ട്രേഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. പോൾസൺ കുളങ്ങര 8472071274