അറ്റലാന്റ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷന് അറ്റലാന്റയിൽ തുടക്കമായി. തിരുപ്പിറവി ദിനത്തിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം വികാരി ഫാ. ജോസഫ് പുതുശ്ശേരി മാത്യു കൂപ്ലിക്കാട്ടിൽ നിന്നും ആദ്യ രെജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ടാണ് അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്നാനായ ഇടവകയിലെ രജിസ്ട്രേഷന് ഔദ്യോഗിക തുടക്കം കുറിച്ചത്. ആദ്യ ദിനം തന്നെ പത്തിലധികം കുടുംബങ്ങൾ ഫാമിലി കോൺഫറൻസിന്റെ രെജിസ്ട്രേഷനിൽ പങ്കു ചേർന്നു. ക്നാനായ ഇടവകകളിലെ കുടുംബങ്ങളുടെ കൂട്ടായ്മയായ ഫാമിലി കോൺഫ്രൻസിൽ കുടുംബ ജീവിതത്തിനും യുവതീ യുവാക്കളുടെ വിശുദ്ധീകരണത്തിനും ഊന്നൽ കൊടുത്തുകൊണ്ട് നിരവധി പരിപാടികൾ ആവിഷ്കരിക്കുന്നുണ്ട് എന്നും, ഈ അവസരം ഉപയോഗപ്പെടുത്തികൊണ്ടു ക്രിസ്തു കേന്ദ്രീകൃതമായ കുടുംബങ്ങൾ കെട്ടിപ്പടുക്കുന്നതിനായി പരമാവധി കുടുംബങ്ങളുടെ പ്രാതിനിധ്യം ഫാമിലി കോൺഫ്രൻസിൽ ഉണ്ടാകണം എന്ന് വികാരി ഫാ. ജോസഫ് പുതുശ്ശേരിൽ ഓർമ്മിപ്പിച്ചു. ജൂൺ 28 മുതൽ ജൂലൈ 1 വരെയാണ് ചിക്കാഗോയ്ക്കടുത്ത് സെന്റ് ചാൾസിലെ ഫെസന്റ് റിസോർട്ടിൽ വച്ച് ക്നാനായ റീജിയന്റെ പ്രഥമ ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുന്നത്. ക്നാനായ റീജിയന്റെ എല്ലാ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമായി നിരവധി കുടുംബങ്ങൾ ഇതിനകം തന്നെ രെജിസ്റ്റർ ചെയ്തു കഴിഞ്ഞു. കുടുംബ കേന്ദ്രീകൃതവും യുവജനങ്ങൾക്ക് ആത്മീയമായ അടിത്തറ പാകുവാൻ സാധിക്കുന്നതുമായ നിരവധി പരിപാടികളാണ് കോൺഫറൻസിന്റെ ഭാഗമായി ആസൂത്രണം ചെയ്തു കൊണ്ടിരിക്കുന്നത്. |
Home > Recent News >