Home‎ > ‎Recent News‎ > ‎

ക്നാനായ റീജിയൺ ഫാമിലി കോൺഫ്രൻസ് 2017: യുവജനങ്ങൾക്ക് വേണ്ടി മികച്ച പരിപാടികൾ

posted Jun 5, 2017, 4:20 PM by News Editor   [ updated Jun 5, 2017, 4:20 PM ]

ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പ്രഥമ ഫാമിലി കോൺഫ്രൻസിൽ കുട്ടികൾക്കും യുവജനങ്ങൾക്കും വേണ്ടി നടത്തപെടുന്ന പരിപാടികൾ ഉജ്ജ്വലമാകും. യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ച്, യുവജനങ്ങളാൽ തന്നെ തെരെഞ്ഞെടുത്ത, അന്താരാഷ്‌ട്ര തലത്തിൽ തന്നെ പ്രസിദ്ധരായ പഗല്ഭരാണ് ക്നാനായ റീജിയന്റെ പ്രഥമ ഫാമിലി കോൺഫ്രൻസിൽ പങ്കെടുക്കുവാൻ എത്തുന്നത്.    ജൂൺ 30 മുതൽ ജൂലൈ 2 വരെ ചിക്കാഗോയിൽ വച്ച് നടത്തപ്പെടുന്ന ഫാമിലി കോൺഫ്രൻസിൽ യുവജനങ്ങൾക്ക് വേണ്ടി ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഇടവക ദൈവാലയത്തിൽ വച്ച് നടത്തപെടുന്ന പരിപാടികളിൽ, ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്, കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ചിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട്,  പ്രമുഖ വചന പ്രഘോഷകരായ ഫാ. തോമസ് ലോയ, ബ്രദർ റെജി കൊട്ടാരം, ഡോ. മാർക്ക് നീമോ, ഡോ. അലക്സ് ഗോട്ടേയ്‌,  എന്നിവരാണ് എത്തുന്നത്. 

ഇല്ലിനോയിസിലെ മദർ ഓഫ് ഗോഡ് ബൈസന്റൈൻ കത്തോലിക്കാ ഇടവക വികാരിയായ ഫാ. തോമസ് ലോയ, അന്താരാഷ്‌ട്ര തലത്തിൽ തന്നെ വളരെയധികം ആദരിക്കപ്പെടുന്ന വാഗ്മിയും വചന പ്രഘോഷകനുമാണ്. 2002 ലെ ആഗോള യൂത്ത് ഡേയ് ഉൾപ്പെടെ,  പ്രമുഖ ക്രൈസ്തവ കോണ്ഫറന്സുകളിലെ അറിയപ്പെടുന്ന വാഗ്മിയായ  അദ്ദേഹം, പൗരസ്ത്യ സഭകളുടെ കാര്യത്തിൽ ഏറെ അറിയപ്പെടുന്ന വിദഗ്ധനാണ്.  അന്താരാഷ്‌ട്ര തലത്തിൽ തന്നെ വചന പ്രഘോഷണത്തിൽ അറിയപ്പെടുന്ന ബ്രദർ റെജി കൊട്ടാരം, അമേരിക്കയിൽ യുവജനങ്ങളുടെ നവീകരണത്തിനായി യുവജനങ്ങളാൽ തന്നെ നയിക്കപ്പെടുന്ന കൈറോസ് യൂത്ത് മിനിസ്ട്രിക്ക് നേതൃത്വം നൽകുന്ന സുപരിചിതനായ വ്യക്തിയാണ്. വെസ്റ്റ് ആഫ്രിക്കയിലെ ഗാനയിൽ ജനിച്ച് 37 രാജ്യങ്ങളിലായി കരിസ്മാറ്റിക്ക് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതും, അമേരിക്കയിലെ ലത്തീൻ കത്തോലിക്കാ സഭയിലെ അറിയപ്പെടുന്ന വചന പ്രഘോഷകനും വാഗ്മിയുമാണ് ഫാമിലി കോൺഫ്രൻസിൽ പങ്കെടുക്കുന്ന ഡോ. മാർക്ക് നീമോ. ഹൂസ്റ്റണിലെ ഗാൽവേസ്റ്റൺ അതിരൂപതയിലും അമേരിക്കയിലെ മറ്റ് കത്തോലിക്കാ രൂപതകളിലുമായി യുവജനങ്ങൾക്ക് വേണ്ടി പ്രത്യേക യൂത്ത് മിനിസ്ട്രിക്ക് നേതൃത്വം കൊടുക്കുകയും, തനതായ ശൈലിയിലുള്ള വചന പ്രഘോഷങ്ങൾകൊണ്ട് യുവജനങ്ങൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരനാവുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഡോ. അലക്സ് ഗോട്ടേയ്‌. 


ഫാമിലി കോൺഫറൻസിന്റെ ആദ്യ ദിനമായ ജൂൺ 30 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ബ്രദർ റെജി കൊട്ടാരത്തിന്റെ നേതൃത്വലുള്ള കൈറോസ് യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തപെടുന്ന സംവാദത്തോടെയാണ് പരിപാടികൾ ആരംഭിക്കുക. തുടർന്ന് ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാർമ്മികത്വത്തിലുള്ള വി. കുർബ്ബാനയും കോൺഫറൻസിന്റെ യുവജനങ്ങൾക്ക് വേണ്ടിയുള്ള പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും നടത്തപ്പെടും. ഉച്ച കഴിഞ്ഞ് ഡോ. മാർക്ക് നീമോയുടെ നേതൃത്വത്തിലുള്ള ക്ലാസ്സും, ഫെമിയ & ടോണി മാരൂറിന്റെ നേതൃത്വത്തിലുള്ള ക്ലാസ്സും നടത്തപ്പെടും. വൈകുന്നേരം ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ മുതിർന്നവർക്കൊപ്പം ചേർന്നുള്ള കലാ പരിപാടികളിൽ യുവജനങ്ങൾ പങ്കുചേരും.

ജൂലൈ 1 ശനിയാഴ്ച രാവിലെ മാർ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യ കാർമ്മികത്വത്തിലുള്ള വി. കുർബ്ബാനയോടെ പരിപാടികൾ ആരംഭിക്കും. കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായ അഭി. പണ്ടാരശ്ശേരിൽ പിതാവിനോടൊപ്പം സംവാദിക്കുവാൻ യുവജനങ്ങൾക്ക് അവസരം തുടർന്ന് ലഭിക്കും. തുടർന്ന് ബ്രദർ റെജി കൊട്ടാരത്തിന്റെ നേതൃത്വത്തിലാണ് ക്ളാസുകൾ നടത്തപ്പെടുക. ഉച്ചകഴിഞ്ഞ് ഫാ. തോമസ് ലോയയുടെയും ഡോ. അലക്സ് ഗോട്ടൈയുടെയും ക്ലാസ്സുകൾ നടത്തപ്പെടും. തുടർന്ന് യുവജനങ്ങൾക്ക് വേണ്ടി വൈവിധ്യമാർന്ന കലാ കായിക മത്സരങ്ങളും പരിപാടികളും നടത്തപ്പെടും.

ജൂലൈ 2 ഞായറാഴ്ച രാവിലെ ബ്രദർ റെജി കൊട്ടാരത്തിന്റെ നേതൃത്വലുള്ള പ്രത്യേക പരിപാടികളോടെയാണ് ഫാമിലി കോൺഫറൻസിന്റെ മൂന്നാം ദിനം യുവജനങ്ങൾക്കായി ആരംഭിക്കുന്നത്. 12 മണിക്ക് മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെടും.  ഉച്ച കഴിഞ്ഞ് ക്നാനായ സമുദായത്തിന്റെയും ക്നാനായ പാരമ്പര്യങ്ങളുടെയും പ്രസക്തിയെപ്പറ്റി ഫാ. എബ്രഹാം മുത്തോലത്ത് നയിക്കുന്ന സംവാദം നടത്തപ്പെടും. തുടർന്ന് വിവിധ തരത്തിലുള്ള പാനലുകൾ രൂപീകരിച്ച് സംവാദങ്ങൾ നടത്തപ്പെടും. വൈകുന്നേരം ചിക്കാഗോ സെന്റ് മേരീസിൽ നടത്തപെടുന്ന ക്രൈസ്റ്റ് വിൻ നൈറ്റ് എന്ന ആതമീയ സംഗീത നിശയോടെയാണ് ഫാമിൽ കോൺഫറൻസിന്റെ യുവജനങ്ങളുടെ പരിപാടികൾ സമാപിക്കുന്നത്.  

യുവജനങ്ങൾക്ക് വേണ്ടിയുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നത് യുവജനങ്ങൾ തന്നെ നേതൃത്വം നൽകുന്ന കമ്മറ്റിയാണ് എന്നതാണ് ഈ ഫാമിലി കോൺഫറൻസിന്റെ സവിശേഷത. സാബു മുത്തോലത്തിന്റെ മേൽനോട്ടത്തിൽ, ചിക്കാഗോ സേക്രട്ട് ഹാർട്ട് മതബോധന സ്‌കൂളിന്റെ അസി. ഡി. ആർ.ഈ ആയ ടീന നേടുവാമ്പുഴയുടെ നേതൃത്വത്തിലുള്ള യുവജന കമ്മറ്റി പരിപാടികൾക്ക് നേതൃത്വം നൽകും.  അവർക്കുവേണ്ടിയുള്ള പരിപാടികൾ നയിക്കുവാനുള്ളവരെയും അവർ തന്നെയാണ് കണ്ടെത്തിയത് എന്നത് ഈ ഫാമിലി കോൺഫ്രൻസിനോടുള്ള യുവജനങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത് എന്ന് ഫാമിലി കോൺഫറൻസിന് ചുക്കാൻ പിടിക്കുന്ന ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ അറിയിച്ചു.

 സാമൂഹിക മാധ്യമങ്ങളുടെ ആധുനിക യുഗത്തിൽ, കുടുംബങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യച്യുതിയും സഭയെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടുകളും തിരുത്തികൊണ്ടു, പുതിയ ഒരു തലമുറയെ വാർത്തെടുക്കുവാനും, സുറിയാനി കത്തോലിക്കാ സഭയുടെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച ക്നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കിക്കൊണ്ട്, വരും തലമുറകളിലേക്ക് അവയെ പകർന്നു നൽകുവാനും റീജിയണിലെ അംഗങ്ങളെ പ്രാപ്തരാക്കുക എന്നുള്ള ലക്ഷ്യമാണ് ക്നാനായ റീജിയന്റെ ഫാമിലി കോൺഫ്രൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ