Home‎ > ‎Recent News‎ > ‎

ക്നാനായ റീജിയൺ ഫാമിലി കോൺഫ്രൻസ് 2017 രജിഷ്ട്രേഷന് ആവേശോജ്ജ്വല തുടക്കം

posted Dec 27, 2016, 9:29 AM by News Editor   [ updated Dec 27, 2016, 9:30 AM ]
ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസിന്റെ റെജിഷ്ട്രേഷന് ആവേശോജ്വലമായ തുടക്കം.ക്നാനായ കാത്തലിക്ക് റീജിയനിലെ എല്ലാ ഇടവകകളിലും മിഷനുകളിലും  ക്രിസ്തുമസ് തിരുക്കർമ്മങ്ങൾക്ക് ശേഷം അനേകം കുടുംബങ്ങൾ കോൺഫ്രൻസിൽ പങ്കെടുക്കുവാൻ താല്പര്യം പ്രകടിപ്പിച്ച് റെജിഷ്ട്രേഷൻ നടത്തി.  

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിലെ ക്രിസ്തുമസ് തിരുക്കർമ്മങ്ങൾക്ക് ശേഷം നടന്ന റെജിഷ്ട്രേഷൻ ഉദ്ഘാടനത്തിൽ ഇടവകയിലെ 40 ഓളം കുടുംബങ്ങൾ കോൺഫ്രൻസിൽ പങ്കെടുക്കുവാൻ താല്പര്യം പ്രകടിപ്പിച്ച് റെജിഷ്ട്രേഷൻ നടത്തി. റെജിഷ്ട്രേഷൻ ഉദ്ഘാടനത്തിന് കോൺഫ്രൻസ് ചെയർമാനും ക്നാനായ റീജിയൻ വികാരി ജെനറാളുമായ ഫാ. തോമസ് മുളവനാൽ, സെക്രട്ടറി ഫാ. ബോബൻ വട്ടംപുറത്ത്, റെജിഷ്ട്രേഷൻ കമ്മറ്റി ചെയർമാൻ പോൾസൺ കുളങ്ങര, സെന്റ് മേരീസ് ഇടവക റജിസ്‌ട്രേഷൻ കമ്മറ്റി അംഗങ്ങളായ മനോജ് വഞ്ചിയിൽ, ജോജോ ആനാലിൽ, തമ്പി വിരുത്തികുളങ്ങര, മേരി ആലുങ്കൽ, ആൻസി ഐക്കരപ്പറമ്പിൽ, ടിറ്റോ കണ്ടാരപ്പള്ളിൽ പാരീഷ് എക്സിക്യൂട്ടീവ് എന്നിവർ നേതൃത്വം നൽകി.

2017 ജൂൺ 28 മുതൽ ജൂലൈ 1 വരെ ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാൾസിലെ ഫെസന്റ് റൺ റിസോർട്ടിൽ വച്ചാണ് ക്നാനായ റീജിയന്റെ പ്രഥമ ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുക. സഭാ - സാമുദായിക വളർച്ച കുടുംബങ്ങളിലൂടെ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആദ്ധ്യാത്മികവും, വിജ്ഞാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് നടത്തപെടുന്ന കോൺഫ്രൻസിന്റെ വിജയത്തിനായി നിരവധി കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകൾ പങ്കു വെയ്ക്കുവാനും, വൈദീക മേലദ്ധ്യക്ഷന്മാരും, വൈദീകരും, സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തിൽ ഒന്നിച്ച്, ക്നാനായ സമൂഹത്തിലെ സഭാ- സാമുദായിക വളർച്ചക്ക് ആക്കം കൂട്ടുവാൻ ഉതകുന്ന പരിപാടികൾ ആസൂത്രണം ചെയ്യുവാനും അവസരം ലഭിക്കത്തക്ക വിധത്തിലാണ് ഫാമിലി കോൺഫ്രൻസ് ആസൂത്രണം ചെയ്യപെട്ടുകൊണ്ടിരിക്കുന്നത്. യുവജനങ്ങൾക്ക് അനുയോജ്യമായ പരിപാടികൾ അവരാൽ തന്നെ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ട്, യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുവാനും വേണ്ട നടപടികൾ തുടങ്ങി കഴിഞ്ഞു.