ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ വളർച്ചയിൽ, ക്നാനായ സമുദായത്തിന്റെ മാതൃ രൂപതയായ കോട്ടയം അതിരൂപത അഭിമാനിക്കുന്നു എന്ന് മാർ ജോസഫ് പണ്ടാരശ്ശേരിൽ. മൂന്നു ദിവസങ്ങളിലായി നടന്നു വന്ന ക്നാനായ റീജിയൻ ഫാമിലി കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമ മാത്രമായ മിഷനുകൾ മാത്രമായിരുന്ന ക്നാനായ റീജിയന്റെ പന്ത്രണ്ട് ഇടവകകളും ഒൻപത് മിഷനുകളും എന്ന സ്ഥിതിയിലേക്ക് എത്തിയ അത്ഭുതാവഹമായ വളർച്ച ക്നാനായ സമുദായത്തിനോടുള്ള ദൈവീക പദ്ധതിയുടെയും പരിപാലനയുടെയും ഉത്തമ ഉദാഹരണമാണ് എന്നും അദ്ദേഹം അറിയിച്ചു. മുതിർന്നവർക്കും കുട്ടികൾക്കുമായി ചിക്കാഗോയിലെ ഇരു ദൈവാലയങ്ങളിലുമായി നടത്തപ്പെട്ട ഫാമിലി കോൺഫ്രൻസ് ദൈവാനുഗ്രഹം കവിഞ്ഞൊഴുകിയ ദിവസങ്ങളാക്കുവാൻ നേതൃത്വം കൊടുത്ത ബഹുമാനപ്പെട്ട വൈദീകരെയും അല്മായ പ്രതിനിധികളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു. ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ധ്യാനാത്മകമായ ക്ലാസ്സുകളും, കലാ പരിപാടികളും ചർച്ചകളുമൊക്കെയായി നൂറുകണക്കിന് ക്നാനായ സമൂഹാംഗങ്ങൾ പങ്കെടുത്ത ഫാമിലി കോൺഫ്രൻസ് വിജയിപ്പിക്കുവാൻ വേണ്ട പിന്തുണ നൽകിയ കോട്ടയം അതിരൂപതാ നേതൃത്വത്തിനും ചിക്കാഗോ സീറോ മലബാർ രൂപതാ നേതൃത്വത്തിനും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കമ്മറ്റിക്കാർക്കും ഹൃദയപൂർവ്വകമായ നന്ദി അർപ്പിക്കുന്നതായി ഫാ. തോമസ് മുളവനാൽ തന്റെ അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. ക്നാനായ സമുദായത്തിന്റെ ഭാവി വളർന്നു വരുന്ന തലമുറയിൽ സുരക്ഷിതമാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു. വളരെ താല്പര്യത്തോടെ മൂന്നു ദിവസം കോൺഫ്രൻസിൽ പങ്കെടുത്ത മുന്നൂറ്റി അൻപതിൽ പരം യുവജനങ്ങളുടെ സാന്നിധ്യം ക്നാനായ റീജിയന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഊർജ്ജം പകരും എന്നതിൽ സംശയമില്ല എന്ന് അദ്ദേഹം അറിയിച്ചു. ഫാ. എബ്രഹാം മുത്തോലത്ത്, ജോയി വാച്ചാച്ചിറ, ബിനു പൂത്തുറയിൽ, സാബു മുത്തോലം എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ടോണി പുല്ലാപ്പള്ളി സ്വാഗതം ആശംസിച്ചു. ജയാ കുളങ്ങര, ബെന്നി കാഞ്ഞിരപ്പാറ എന്നിവർ സമാപന സമ്മേളനത്തിന്റെ എം സി മാരായി പ്രവർത്തിച്ചു. ആൻസി ഐക്കരപ്പറമ്പിൽ യോഗത്തിൽ കൃതജ്ഞത പ്രാകാശിപ്പിച്ചു അനിൽ മറ്റത്തിക്കുന്നേൽ |
Home > Recent News >