Home‎ > ‎Recent News‎ > ‎

ക്‌നാനായ റീജിയണിന്റെ സഹകരണത്തോടെ ഏഴ് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി.

posted Jul 27, 2020, 8:34 AM by News Editor IL
  
കോട്ടയം: കോവിഡ് പ്രതിസന്ധി അതിരൂക്ഷമായിക്കൊണ്ടിരിന്ന സാഹചര്യത്തിലും ഏഴ് കുടുംബങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കിയിരിക്കുകയാണ് കോട്ടയം അതിരൂപത. 2018 ലെ അതിരൂക്ഷ പ്രളയത്തെ തുടര്‍ന്ന് ഭവനങ്ങള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായി അതിരൂപത സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്. പ്രളയത്തെ തുടര്‍ന്ന് സ്ഥലവും വീടും നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങളെ കണ്ടെത്തി ഓരോ കുടുംബത്തിനും 5 സെന്റ് സ്ഥലവും ഭവന നിര്‍മ്മാണത്തിനായി 6 ലക്ഷം രൂപാ വീതവും ലഭ്യമാക്കിയാണ് ചൈതന്യ മെഡോസ് എന്ന പേരില്‍ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കിയത്. കോട്ടയം  അതിരൂപതയിലെ  കൈപ്പുഴ  ഇടവകംഗമായ ഫിലിപ്പ് ഇലക്കാട്ട്  സൗജന്യമായി  കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴയില്‍  ലഭ്യമാക്കിയ 40 സെന്റ് സ്ഥലത്താണ് പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്.  അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയണിലെ  ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക ദേവാലയത്തിന്റെ സഹകരണത്തോടെയാണ് കെ.എസ്.എസ്.എസ്. പദ്ധതി പൂര്‍ത്തിയാക്കിയത്.  പുതിയ ഭവനങ്ങളുടെ വെഞ്ചിരിപ്പ് കര്‍മ്മവും താക്കോല്‍ ദാനവും കോട്ടയം അതിരൂപത മെത്രാപ്പോലിത്തായും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. തോമസ് ചാഴികാടന്‍ എം.പി, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോനാ ചര്‍ച്ച് വികാരി റവ. ഫാ. മാത്യു കട്ടിയാങ്കല്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Comments