മിശിഹായിൽ പ്രിയ ക്നാനായ സഹോദരങ്ങളേ, പ്രവാസി ക്നാനായക്കാരുടെ മിഷനുകളിലെയും ഇടവകകളിലെയും അംഗത്വത്തെ സംബന്ധിച്ചുള്ള ആശങ്കകൾ ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണല്ലോ. പ്രവാസി ക്നാനായക്കാരെക്കുറിച്ചു പഠിക്കുവാൻ നിയുക്തമായിരുന്ന കമ്മീഷൻ നമുക്കു പ്രതികൂലമായ നിലാപാടാണെടുത്തത് എന്നു മനസ്സിലാക്കുന്നു. ഈ പശ്ചാത്തലത്തിൽ നമ്മുടെ മിഷനുകളിലെയും ഇടവകകളിലെയും അംഗങ്ങളുടെ സംശയങ്ങൾ നിവർത്തിക്കുവാൻ അതു സംബന്ധിച്ച് ഒരു അറിയിപ്പു നല്‌കുകയാണ്. ഇപ്പോൾ സംജാതമായിരിക്കുന്ന പ്രശ്നം പരിഹിക്കുവാൻ നാം സഭാപിതാക്കന്മാരുമായി ആലോചിച്ച് വേണ്ട നടപടികൾ ധൃതഗതിയിൽ തയ്യാറാക്കുകയാണ്. നമ്മുടെ ലക്ഷ്യം സാധിക്കുന്നതുവരെ നമ്മുടെ പരിശ്രമം തുടരുന്നതാണ്. വൈകാതെ ക്നായായ റീജിയണിലെയും ക്നാനായ അസ്സോസിയേഷനിലെയും പ്രതിനിധികളുമായി ആലോചിച്ച് മറ്റു നടപടികൾ തയ്യാറാക്കുന്നതാണ്. അതേസമയം അമേരിക്കയിലെ മിഷനുകളിലെയും ഇടവകകളിലെയും അംഗത്വം, കോട്ടയം അതിരൂപതയുടെ ജനുവരി 17 നു കൂടിയ പാസ്റ്ററൽ കൗൺസിൽ നിർദ്ദേശിച്ചതുപോലെ, ക്നനായക്കാർക്കു മാത്രമായി തുടരുന്നതാണ്. നമ്മൾ നൂറ്റാണ്ടുകളായി പാലിച്ചുപോരുന്നതും പരിശുദ്ധ പിതാക്കന്മാർ അനുവദിച്ചു തന്നിട്ടുള്ളതുമായ ക്നാനായ സഭാസംവിധാനങ്ങൾ പ്രവാസി ക്നാനായക്കാർക്കും ഔദ്യോഗികമായി സ്ഥിരീകരിച്ചു കിട്ടുവാൻ ഈ പ്രതിസന്ധിഘട്ടത്തിൽ സഭാസംവിധാനങ്ങളും ക്നാനായ സംഘടനകളും ഒത്തൊരുമിച്ചു നിൽക്കുകയും ഏവരും പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. പ്രാർത്ഥനയുടെ ഐക്യത്തിൽ സ്നേഹപൂർവ്വം ക്നാനായ റീജിയണിലെ വൈദികർ 01-18-2018 |
Home > Recent News >