Home‎ > ‎Recent News‎ > ‎

ക്നാനായ ഫാമിലി കോൺഫ്രൻസിനെ വചന സമ്പുഷ്ടമാക്കുവാൻ ഫാ. ജോസഫ് പാബ്ലാനിയും ബ്ര. റെജി കൊട്ടാരവും നേതൃത്വം നൽകുന്ന ധ്യാന പരിപാടികൾ.

posted Jan 9, 2017, 8:18 AM by News Editor   [ updated Jan 9, 2017, 8:18 AM ]
ചിക്കാഗോ: ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസിനെ വചന സമ്പുഷ്ടമാക്കുവാൻ പ്രശസ്ത ദൈവ ശാസ്ത്ര പണ്ഡിതനും വചന പ്രഘോഷകനുമായ ഫാ. ജോസഫ് പാബ്ലാനിയിൽ, കൈറോസ് ധ്യാന ടീമിലെ വചന പ്രഘോഷകൻ ബ്രദർ റെജി കൊട്ടാരം, സുപ്രസിദ്ധ സംഗീത സംവിധായകൻ ബ്രദർ പീറ്റർ ചേരാനല്ലൂർ, നോർത്ത് അമേരിക്കയിൽ ജനിച്ചു വളർന്ന യുവജനങ്ങളാൽ നയിക്കപ്പെടുന്ന കൈറോസ് യൂത്ത് ടീം അംഗങ്ങൾ എന്നിവർ എത്തുന്നു. കൈറോസ് യൂത്ത് ടീമിന്റെ നേതൃത്വത്തിൽ ആയിരത്തോളം യുവതീ യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ട്, ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ നടത്തപ്പെട്ട ക്രൈസ്റ്റ് വിൻ നൈറ്റും ഫാമിലി കോൺഫറൻസിന്റെ ഭാഗമായി നടത്തപെടുന്നുണ്ട്. കൈറോസ് യു എസ് എ യുടെ കോർഡിനേറ്റർമാരായ ബബ്ലു ചാക്കോ ജിസ് നെടുംതുരുത്തിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഫാമിലി കോൺഫ്രൻസിലെ കൈറോസിന്റെ ആധ്യാത്മിക പരിപാടികൾ നടത്തപ്പെടുക.

ജൂൺ 28 നു ആരംഭിച്ച് ജൂലൈ 1 ന് അവസാനിക്കുന്ന പ്രഥമ ഫാമിലി കോൺഫ്രൻസിൽ പങ്കെടുക്കുന്ന സഭാ മേലധ്യക്ഷന്മാർക്കും വൈദീകർക്കും പുറമെയാണ് വചന പ്രഘോഷണത്തിലൂടെ അനേകം ദൈവാനുഗ്രഹങ്ങൾ സഭയുടെ ചൊരിഞ്ഞിട്ടുള്ള അനുഗ്രഹീതരായ ധ്യാന ടീം എത്തുന്നത്. വചന പ്രഘോഷണത്തിനു പുറമെ സഭാ സാമുദായിക വിഷയങ്ങളെപ്പറ്റി പ്രദിപാദിക്കപ്പെടുന്ന നിരവധി സെമിനാറുകളും നടത്തപെടുന്നുണ്ട്. ചിക്കാഗോയ്ക്ക് അടുത്ത്, സെന്റ് ചാൾസിലെ ഫെസന്റ് റൺ റിസോർട്ടിൽ വച്ചാണ് ചരിത്രം കുറിക്കുവാൻ പോകുന്ന  പ്രഥമ ഫാമിലി കോൺഫറൻസ് നടത്തപ്പെടുക.  സഭാ - സാമുദായിക വളർച്ച കുടുംബങ്ങളിലൂടെ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ട്, ആദ്ധ്യാത്മികവും, വിജ്ഞാനപ്രദവുമായ പരിപാടികൾ കോർത്തിണക്കികൊണ്ട് നടത്തപെടുന്ന കോൺഫ്രൻസിന്റെ വിജയത്തിനായി നിരവധി കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. പ്രസിദ്ധരായ ധ്യാന ഗുരുക്കന്മാരുടെ കുടുംബ നവീകരണ ചിന്തകൾക്ക് പുറമെ, വൈദീക മേലദ്ധ്യക്ഷന്മാരും, വൈദീകരും, സന്യസ്തരും വിശ്വാസ സമൂഹവും ഒരേ കൂടാരത്തിൽ ഒന്നിച്ച്, ക്നാനായ സമൂഹത്തിലെ സഭാ- സാമുദായിക വളർച്ചക്ക് ആക്കം കൂട്ടുവാൻ ഉതകുന്ന പരിപാടികളും  നടപ്പിലാക്കുവാൻ സാധിക്കത്തക്ക വിധത്തിലാണ്  ഫാമിലി കോൺഫ്രൻസ് ആസൂത്രണം ചെയ്യപെട്ടുകൊണ്ടിരിക്കുന്നത്. യുവജനങ്ങൾക്ക് അനുയോജ്യമായ പരിപാടികൾ അവരാൽ തന്നെ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ട്, യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്തുവാനും വേണ്ട നടപടികൾ തുടങ്ങി കഴിഞ്ഞു.

ഹോട്ടൽ മുറിയും ഭക്ഷണവും മറ്റു ചിലവുകളും ഉൾപ്പെടെ രണ്ടു പേര് അടങ്ങുന്ന ഒരു കുടുംബത്തിന് $ 855 ആണ് രജിഷ്ട്രേഷൻ തുകയായി നിശ്ചയിച്ചിരിക്കുന്നത്. ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ രജിഷ്ട്രേഷനും ഭക്ഷണവും ലഭിക്കും. ആറ് വയസ്സിനു മുകളിൽ പ്രായമുള്ള, മാതാപിതാക്കന്മാരോടൊപ്പം താമസിക്കുന്ന കുട്ടികൾക്ക് $140 കൂടി ഭക്ഷണത്തിനും മറ്റു ചിലവുകൾക്കുമായി നിശയിക്കപ്പെട്ടിരിക്കുന്നു. 21 വയസ്സിനു മുകളിൽ പ്രായമുള്ള യുവജനങ്ങൾക്ക് $ 395 ആണ് രജിഷ്ട്രേഷൻ ഫീസ് ആയി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. രജിഷ്ട്രേഷൻ ഫീസിന് പുറമെ $ 300 കൂടി നൽകി സ്പോൺസർ ആകുവാനും, $ 750 കൂടി നൽകി വി ഐ പി സ്പോൺസർ ആകുവാനും ഉള്ള സൗകര്യവും റെജിഷ്ട്രേഷന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്ട്രഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് ഓരോ ഇടവകയിലെയും രജിസ്ട്രേഷൻ കമ്മറ്റി അംഗങ്ങളുമായോ , ഇടവക വികാരിമാരുമായോ രെജിസ്ട്രേഷൻ കമ്മറ്റിയുടെ നാഷണൽ കമ്മറ്റി ചെയർമാൻ പോൾസൺ കുളങ്ങരയുമായോ (8472071274) ബന്ധപ്പെടുക