Home‎ > ‎Recent News‎ > ‎

ക്നാനായ കാത്തലിക് റീജിയൻ്റെ ദശവത്സരാഘോഷങ്ങൾക്ക് പ്രൗഡഗംഭീരമായ സമാപനം

posted Sep 13, 2016, 4:51 AM by News Editor   [ updated Sep 13, 2016, 10:14 AM ]

ഷിക്കാഗോ: സെപ്തംബർ 10 ശനിയാഴ്ച  ഷിക്കാഗോയിലെ മോർട്ടൻ ഗ്രോവിലുള്ള സെൻറ്‌ മേരിസ് ക്നാനായ കത്തോലിക്കാ  ദൈവാലയത്തിൽ  വച്ച്  റീജിയൻ ദശാബ്ദി  ആഘോഷങ്ങൾ പ്രൗഡഗംഭീരമായി  സമാപിച്ചു. രാവിലെ 8:30 ന്  സെൻറ്‌ മേരിസ് ദൈവാലയത്തിൽ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ  കാർമ്മികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാബലിയിൽ റീജിയനിലെ എല്ലാ വൈദികരുo  സഹകാർമ്മികരായിരുന്നു. നോർത്തമേരിക്കയിലെ ക്നാനായ ഇടവകകളിൽനിന്നും മിഷനുകളിൽ നിന്നുമായി വൈദികരും സന്യസ്തരും അൽമായ  പ്രതിനിധികളും ഉൾപ്പെടെ  200  ഓളം പേർ  സന്നിഹിതരായിരുന്നു. 

തുടർന്ന് 10 മണിക്ക് ആരംഭിച്ച  ക്നാനായ  റീജിയൻ  പ്രതിനിധി സമ്മേളനം അഭി. മാർ മൂലക്കാട്ട് പിതാവ് ഉദ്‌ഘാടനം ചെയ്തു. ഹൂസ്റ്റൺ ഫൊറോന വികാരി റവ. ഫാ. സജി പിണർകയിൽ തിരുവചനം വായിച്ച് വ്യാഖ്യാനം നൽകി. റീജിയൻ ഡയറക്ടർ മോൺ. തോമസ് മുളവനാൽ റീജിയൻ്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്യുകയും ഭാവി പ്രവർത്തനങ്ങൾക്കുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. റീജിയൻ്റെ ചരിത്രപരവും അജപാലന പരവുമായ വളർച്ചയെ കുറിച്ച് ശ്രീ. ജോയി വാച്ചാച്ചിറ  സംസാരിച്ചു. അഭിവന്ദ്യ  മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത പ്രതിനിധി സമ്മേളനത്തിൻ്റെ വിഷയാവതരണ പ്രഭാഷണം നടത്തി. ക്നാനായ സമുദായത്തിൻ്റെ പ്രേഷിത സ്വഭാവവും സഭാത്മക ബന്ധങ്ങളും സവിശേഷ പ്രത്യേകതകളും കാത്തുസൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത മെത്രാപ്പോലീത്ത തൻ്റെ സന്ദേശത്തിൽ ഊന്നി പറയുകയുണ്ടായി.    

ക്നാനായ  റീജിയനിലെ 12 ഇടവകകളും  9 മിഷനുകളും അവരുടെ അജപാലന വളർച്ചയെക്കുറിച്ച്  നടത്തിയ പവർ പോയിൻറ്  അവതരണം റീജിയൻ്റെ അജപാലനരംഗത്തെ അത്ഭുതാവഹമായ വളർച്ചയും സംഭാവനകളും പ്രതിഫലിപ്പിക്കുന്നവയായിരുന്നു. കാനഡയിലെ പെൻബ്രൂക് രൂപതാദ്ധ്യക്ഷൻ മാർ മൈക്കിൾ മുൾഹാൾ തദവസരത്തിൽ സന്നിഹിതനായിരുന്നു. തുടർന്ന്  ക്നാനായ റീജിയൻ്റെ പുതിയ ഔദ്യോഗിക  കമ്മ്യൂണിക്കേഷൻ വെബ്‌സൈറ്റിൻ്റെ (www.knanayaregion.org) സ്വിച്ചോൺ  കർമ്മം റീജിയനിലെ എല്ലാ പി ആർ ഓ മാരുടെ സാന്നിദ്ധ്യത്തിൽ  അഭിവന്ദ്യ  മാർ മാത്യു മൂലക്കാട്ട് പിതാവ്  നിർവ്വഹിച്ചു.

ഉച്ചഭക്ഷണത്തിനുശേഷം പ്രതിനിധികളുടെ തുറന്ന ചർച്ചകൾക്ക് വേദി ഒരുക്കപ്പെട്ടു. റീജിയൻ്റെ മുൻപോട്ടുള്ള വളർച്ചക്ക് അനിവാര്യമായ കർമ്മപദ്ധതികൾ  മിഷൻ ഇടവക റീജിയൻ തലങ്ങളിൽ ആവിഷ്‌കരിക്കുവാനുള്ള വിവിധ നിർദ്ദേശങ്ങളുണ്ടായി. കുടുംബനവീകരണത്തെ ലക്ഷ്യംവയ്ക്കുന്ന കുടുംബസംഗമം റീജിയൻ തലത്തിൽ ഉണ്ടാകണമെന്ന ആശയം പ്രതിനിധികൾ ഐക്യകണ്ട്ഠന മുന്നോട്ടുവച്ചു. നമ്മുടെ യുവജനങ്ങളെ സഭയോട് ചേർത്തുനിർത്താൻ റീജിയൻ തലത്തിൽ സംവിധാനം ഉണ്ടാകണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിന്‌ ഉതകുന്ന കുടുബസംവിധാനവും ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ടു. നവമാധ്യമങ്ങളിലൂടെ നടത്തപ്പെടുന്ന അസത്യപ്രചാരണങ്ങളെ അവഗണിച്ച് സഭയുടെ നല്ല വശങ്ങളിൽ ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാനും അങ്ങനെ ക്നാനായ ക്രൈസ്തവ സാന്നിധ്യം നോർത്തമേരിക്കയിൽ അനുഗ്രഹമാക്കണമെന്നും പൊതു നിർദ്ദേശമുണ്ടായി. 

വൈകുന്നേരം 5 മണിക്ക് പ്രതിനിധികളുമായി ഇടപഴുകുവാൻ അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യമുണ്ടായത് സഭാധികാരികളുമായി സൗഹൃദബന്ധം സ്ഥാപിക്കുവാൻ സഹായകമായി. വൈകുന്നേരം 6 മണിക്ക് ക്നാനായ റീജിയൻ്റെ പത്താം വാർഷിക സമാപന സമ്മേളനം സീറോ മലബാർ സഭയുടെ പിതാവും തലവനുമായ  മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ  ജോർജ്ജ് ആലഞ്ചേരി പിതാവ്  ഉദ്‌ഘാടനം ചെയ്തു. ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവ് അധ്യക്ഷത വഹിച്ച  സമ്മേളനത്തിൽ  കോട്ടയം അതിരൂപതാധ്യക്ഷൻ  അഭി. മാർ മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. കാനഡയിലെ പെൻബ്രൂക് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ മൈക്കിൾ മുൾഹാളും ഷിക്കാഗോ സീറോ മലബാർ രൂപതാ സഹായമെത്രാൻ  മാർ ജോയി ആലപ്പാട്ട് പിതാവും ആശംസകൾ അർപ്പിച്ചു. 

റീജിയൻ്റെ സ്ഥാപനം വഴി ക്നാനായ സമൂഹത്തിന് കൈവന്ന അജപാലന മുന്നേറ്റങ്ങളെ സംബന്ധിച്ച സമഗ്രമായ ഒരു വിഷയാവതരണം ഫാ അബ്രാഹം മുത്തോലത്ത് നടത്തി. ശ്രീ സാബു മഠത്തിപ്പറമ്പിൽ പ്രതിനിധി സമ്മേളനത്തിൻ്റെ സമഗ്ര റിപ്പോർട്ട് അവതരിപ്പിച്ചു. ക്നാനായ കാത്തലിക് റീജിയൻ്റെ ഡയറക്ടറും വികാരി ജനറാളുമായ  മോൺ. തോമസ് മുളവനാൽ ഏവർക്കും സ്വാഗതം ആശംസിക്കുകയും  കൺവീനർ ശ്രീ ജോയി വാച്ചാച്ചിറ സമ്മേളനത്തിൽ സംബന്ധിച്ച എല്ലാവർക്കും  നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഷിക്കാഗോയിലെ മോർട്ടൻ ഗ്രോവിലുള്ള സെൻറ്‌ മേരിസ്, മേവുഡിലുള്ള തിരുഹൃദയ  ക്നാനായ ഇടവകകളിലെ പ്രതിനിധികളടങ്ങിയ  കമ്മറ്റികളാണ് ദശാബ്ദി ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. സ്നേഹവിരുന്നോടെ ദശാബ്ദി ആഘോഷങ്ങൾക്ക് തിരശീല വീണു.