കോട്ടയം: ക്‌നാനായ കത്തോലിക്കാ ഇടവകകളില്‍ ക്‌നാനായക്കാര്‍ക്ക് മാത്രം അംഗത്വം നല്‍കുന്ന പാരമ്പര്യം അഭംഗുരം തുടരണമെന്ന് കോട്ടയം അതിരൂപതയുടെ ഔദ്യോഗിക ആചോലനാ സമിതികള്‍. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന അതിരൂപത കണ്‍സള്‍ട്ടേഴ്‌സ് ബോഡി, പ്രസ്‌ബിറ്ററല്‍ കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്ത യോഗത്തിലാണ് ഐകകണ്‌ഠേന ഈ തീരുമാനം കൈക്കൊണ്ടത്. ലോകമെമ്പാടുമുള്ള ക്‌നാനായ ഇടവകകളിലും മിഷനുകളിലും ക്‌നാനായക്കാര്‍ക്ക് മാത്രം അംഗത്വം നല്‍കുന്ന രീതി തുടരണമെന്നും മാര്‍ മാത്യു മൂലകാട്ട് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമുണ്ടായി. അടുത്ത കാലത്തായി അമേരിക്കയിലെ ക്‌നാനായ ഇടവകകളിലെ അംഗത്വത്തെ സംബന്ധിച്ച് ഓറിയെന്റല്‍ കോണ്‍ഗ്രിഗേഷനില്‍ നിന്നും നല്‍കപ്പെട്ട നിര്‍ദ്ദേശം തെക്കും ഭാഗസമുദായത്തിനായി സ്ഥാപിക്കപ്പെട്ട കോട്ടയം അതിരൂപതയുടെ സ്ഥാപനം മുതല്‍ പരിപാലിച്ചു പോന്ന കീഴ്‌വഴക്കങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. പ്രവാസികളായ ക്‌നാനായക്കാര്‍ അഭിമുഖീകരിക്കുന്ന ഈ പ്രശ്‌നത്തില്‍ യോഗം അതീവ ഉത്‌ക്കണ്‌ഠ രേഖപ്പെടുത്തി. വിശ്വാസത്തോടൊപ്പം സമുദായാംഗങ്ങള്‍ നാളിതുവരെ പാലിച്ചു പോന്ന ആചാരാനുഷ്‌ഠാനങ്ങളും ലോകത്തെല്ലായിടത്തും തുടര്‍ന്നും ജാഗ്രതയോടെ പാലിക്കണമെന്ന് യോഗം ആഹ്വാനം ചെയ്‌തു. കത്തോലിക്കാ സഭയോടും പരിശുദ്ധ സിംഹാസനത്തോടും എക്കാലവും വിശ്വസ്‌തതയും വിധേയത്വവും പുലര്‍ത്തിയ ക്‌നാനായ സമുദായത്തിന്റെ ഭാവിവളര്‍ച്ചയ്‌ക്കും നിലനില്‍പിനും തടസ്സമാകുന്ന ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ നിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും ആവശ്യപ്പെടുവാന്‍ യോഗത്തില്‍ തീരുമാനമായി. |
Home > Recent News >