Home‎ > ‎Recent News‎ > ‎

ഹൂസ്റ്റൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വി. അന്തോനീസിൻ്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു

posted Sep 20, 2016, 10:07 PM by News Editor

ഹൂസ്റ്റൺ: സത്യവിശ്വാസത്തിനുവേണ്ടി കഠിന പീഡകൾ സഹിക്കുന്നതിനും മുട്ടിന്മേൽ നിന്ന് യേശുനാമം ഉരുവിട്ടുകൊണ്ട് കൊലയാളിക്ക് കഴുത്ത് നീട്ടിക്കൊടുക്കുന്നതിനുമുള്ള അനുഗ്രഹം എനിക്ക് സിധിച്ചിരുന്നുവെങ്കിൽ എന്ന് പ്രാർത്ഥിച്ച്, ജീവിച്ച്, മരിച്ച് ഇന്നും സ്വർഗ്ഗത്തിൽ നിന്നും ഈശോയുടെ അനുഗ്രഹം നമ്മൾക്കായ് ചോദിച്ച് വാങ്ങിത്തരുന്ന വിശുദ്ധ അന്തോനീസിൻ്റെ തിരുശേഷിപ്പ്  കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് പിതാവ് സെപ്റ്റംബർ 15 ന് വലിയ ജനസാന്നിദ്ധ്യത്തിൽ ഹൂസ്റ്റൺ സെൻറ് മേരീസ് ക്നാനായ പള്ളിയിൽ പ്രതിഷ്ഠിച്ചു. കാരുണ്യവർഷത്തിൽ ദൈവത്തിൻ്റെ അനന്തമായ കരുണയും സ്നേഹവും കൂടുതൽ അനുഭവിക്കാൻ വി. അന്തോനീസ് നിങ്ങളെ എല്ലാവരേയും സഹായിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു. ജൂലൈ 8 - ാം തീയതി പാദുവായിലേക്ക് തീർത്ഥയാത്ര നടത്തിയ 47 പേരിലൂടെയാണ് വിശുദ്ധൻറെ തിരുശേഷിപ്പ് ഏറ്റുവാങ്ങാൻ സാധിച്ചത്. കോട്ടയം അതിരൂപതയ്ക്കും ചിക്കാഗോ സീറോ മലബാർ രൂപതയ്ക്കും ആദ്യമായാണ് വിശുദ്ധൻറെ തിരുശേഷിപ്പ് പാദുവായിൽ നിന്നും കൈമാറുന്നത് എന്നു പാദുവായിലെ തീർത്ഥാടനകേന്ദ്രത്തിലെ അസോസിയേറ്റ് പാസ്റ്റർ ഫാ. സ്റ്റീഫൻ ഒള്ളേതാഴത്ത് അന്ന് അഭിപ്രായപ്പെട്ടിരുന്നു. 

എല്ലാ ചൊവ്വാഴ്ചകളിലും വൈകിട്ട് 7 മണിക്ക് നടത്തപ്പെടുന്ന വി. കുർബാനയ്ക്കും നൊവേനയ്ക്കും ശേഷം വിശുദ്ധൻ്റെ തിരുശേഷിപ്പ് തൊട്ടുവണങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. തദവസരത്തിൽ വിശുദ്ധൻ്റെ പേരിലുള്ള ദാനധർമ്മത്തിൻ്റെ പ്രതീകമായ "വിശുദ്ധ അന്തോനീസിൻ്റെ അപ്പം" നേർച്ചയായി സ്വീകരിക്കാനും, സമർപ്പിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. തിരുശേഷിപ്പ് പേടകം രൂപകല്പന ചെയ്ത ഇടവകാംഗം സജി ഇടപറമ്പിലിനെയും പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്ത കൺവീനർ ജോണി മക്കോറയുടെ നേതൃത്വത്തിലുള്ള കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, 25 പ്രസുദേന്തിമാർ എന്നിവരെയും മാർ മാത്യു മൂലക്കാട്ട് പിതാവ് പ്രത്യേകം അഭിനന്ദിച്ചു.