Home‎ > ‎Recent News‎ > ‎

ഗർഭനിരോധനം: ലിറ്റിൽ സിസ്റ്റേഴ്സിന് സുപ്രീംകോടതിയിൽ ജയം.

posted Jul 13, 2020, 1:36 PM by News Editor IL   [ updated Jul 16, 2020, 9:58 AM by News Editor ]

വാഷിംഗ്ടൺ: ജീവനക്കാരുടെ ആരോഗ്യ രക്ഷാ പദ്ധതിയുടെ ഭാഗമായി ഗർഭനിരോധന സാമഗ്രികളും വന്ധ്യംകരണത്തിനും ഗർഭചിദ്രത്തിനുമുള്ള മരുന്നും ചികിത്സയും സ്ഥാപനം സൗജന്യമായി ലഭിക്കണമെന്ന അമേരിക്കയിലെ ഫെഡറൽ ഗവൺമെന്റിന്റെ ഉത്തരവിനെതിരെ ഒൻപത് വർഷമായി നിയമപോരാട്ടം നടത്തി വന്ന “ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ് പൂവർ” എന്ന സന്യാസിനി സമൂഹത്തിന്റെ നിലപാട്  യു.എസ് സുപ്രീം കോടതി അംഗീകരിച്ചു. ഗർഭനിരോധന ഗുളികയും മറ്റും വിതരണം ചെയ്യുന്നതും ഗർഭഛിദ്രത്തിന് സൗകര്യമൊരുക്കുന്നതും തങ്ങളുടെ മത വിശ്വാസത്തിനും ശുശ്രൂഷ ദൗത്യത്തിനും വിരുദ്ധമാണെന്നതിനാൽ ഗവൺമെൻറ് ഉത്തരവ് പാലിക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു സന്യാസിനി സമൂഹത്തിന്റെ ആവശ്യം. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലത്താണ് ഏവർക്കും താങ്ങാനാവുന്ന ചികിത്സാസൗകര്യ നിയമത്തിൽ (അഫോർഡബിൾ കെയർ ആക്ട്) ജീവനക്കാർക്ക് ഗർഭനിരോധനം, വന്ധ്യംകരണം, അടിയന്തര ഗർഭനിയന്ത്രണം(ഗർഭഛിദ്രം) എന്നിവയ്ക്കുള്ള സ്ഥാപനത്തിന്റെ ബാധ്യത വ്യവസ്ഥ ഏർപ്പെടുത്തിയത്. ഇതു പാലിച്ചില്ലെങ്കിൽ സ്ഥാപനത്തിനെതിരെ വലിയ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. ഗർഭഛിദ്രത്തിന്റെ ചെലവ് വഹിക്കുന്നതിൽ നിന്ന് ഒഴിവാക്കിയാൽ പോലും ആ പ്രക്രിയയ്ക്ക് അനുമതി നൽകാൻ നിർബന്ധിക്കുന്നത് തങ്ങളുടെ മത സ്വാതന്ത്ര്യത്തിനും വിശ്വാസ സംരക്ഷണത്തിനുമുള്ള അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് സന്യാസിനി സമൂഹം വാദിച്ചു. മതവിശ്വാസത്തെയും ധാർമികതയുടെയും  പേരിൽ ഗർഭനിരോധനത്തെയും ഗർഭഛിദ്രത്തെയും അനുകൂലിക്കാത്ത വിഭാഗങ്ങൾക്ക് 2017 ൽ ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഇക്കാര്യത്തിൽ പ്രത്യേക ഇളവ് അനുവദിച്ചെങ്കിലും പെൻസിൽവേനിയ, കാലിഫോർണിയ എന്നീ സംസ്ഥാനങ്ങൾ അതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയാണ് ഉണ്ടായത്. സ്ഥാപനങ്ങൾ ഗർഭനിരോധനത്തിന്റെയും ഗർഭഛിദ്രത്തിറെയും ബാധ്യത നിറവേറ്റുന്നില്ലെങ്കിൽ അതിന്റെ ചെലവ് സംസ്ഥാനം വഹിക്കേണ്ടി വരുമെന്നായിരുന്നു അവരുടെ പരാതി. 150 വർഷമായി സമൂഹത്തിലെ ഏറ്റവും പരിത്യജിക്കപ്പെട്ടവർക്കായി നിസ്വാർഥ സേവനം അനുഷ്ഠിച്ചുവരുന്ന സന്യാസിനി സമൂഹത്തിന് ഏതാനും വർഷങ്ങളായി തങ്ങളുടെ വിശ്വാസ പ്രമാണങ്ങൾക്കും അർപ്പിത ജീവിതത്തിന്റെ സവിശേഷ ശുശ്രൂഷാ ദൗത്യത്തിനും എതിരായുള്ള നിയമവ്യവസ്ഥയ്ക്കെതിരെ നിയമപ്പോരാട്ടത്തിൽ മുഴുകേണ്ടിവന്നത് ഖേദകരമാണെന്ന് രണ്ടുപേരുടെ വിയോജിപ്പോടെ ഏഴ് ജഡ്ജിമാരുടെ അനുകൂല വിധി പ്രസ്താവിച്ച ജസ്റ്റിസ് ക്ലാരൻസ് തോമസ് ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ മതവിശ്വാസത്തിന്റെയും മനസാക്ഷിയുടെയും പേരിൽ സന്ന്യാസ സമൂഹങ്ങൾക്കും കത്തോലിക്കാ രൂപത സ്ഥാപനങ്ങൾക്കും മറ്റും പ്രത്യേക ഇളവ് അനുവദിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടി നിയമാനുസൃതമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഫോണിലൂടെയാണ് കോടതി അന്തിമ വാദം കേട്ടത്. ഗർഭ നിരോധന നിയമബാധ്യതയെ കുറിച്ച് വ്യാകുലപ്പെടാതെ പാവപ്പെട്ട വയോധികരെ ശുശ്രൂഷിക്കുക എന്ന തങ്ങളുടെ സമൂഹത്തിന്റെ ഏറ്റവും സന്തോഷകരമായ മുഖ്യ ദൗത്യത്തിൽ പൂർണമായും ശ്രദ്ധിക്കാൻ ഇനി ഞങ്ങൾക്ക് കഴിയുമെന്നതിൽ സുപ്രീംകോടതിയോട് നന്ദി പറയേണ്ടതുണ്ടെന്ന് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ് പൂവർ സുപ്പീരിയർ ജനറൽ മദർ ലൊറേൻ മാരി മഗ്വായർ പ്രതികരിച്ചു.