Home‎ > ‎Recent News‎ > ‎

ഏലക്കാ മാലക്കു 60,000 ഡോളര്‍ ലേലത്തുക; ചരിത്രം കുറിച്ച് ന്യു ജെഴ്‌സി ക്‌നാനായ കാത്തലിക്ക് കമ്യൂണിറ്റി

posted Jun 12, 2017, 10:59 AM by News Editor   [ updated Jun 12, 2017, 11:53 AM ]


ന്യൂജേഴ്‌സി:  ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി  കിംഗ് ക്നാനായ മിഷനിൽ, മിഷന്റെ സ്വർഗയാ മധ്യസ്ഥനായ ക്രിസ്തു രാജന്റെ രാജത്വതിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ജൂൺ നാല് ഞായറാഴ്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളി വികാരി ബഹു. ഫിലിപ്പ് രാമച്ചനാട്ട് അച്ചന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടന്ന തിരുനാള്‍ കുര്‍ബാനയില്‍, ന്യൂയോര്‍ക്ക് റോക്ക് ലാന്‍ഡ് മിഷന്‍ ഡയറക്ടര്‍ റവ.ഫാ. ജോസ് ആദോപ്പള്ളില്‍ സന്ദേശം നല്‍കി. ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളി വികാരി വെരി.റവ.ഫാ. ജോസഫ് തറയ്ക്കല്‍ പ. കുര്‍ബാനയുടെ ആശീര്‍വ്വാദം നിര്‍വഹിച്ചു. നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്ത തിരുനാളിന്റെ ഭാഗമായുള്ള തിരുനാള്‍ പ്രദിക്ഷണത്തിനു മുൻപായി, ന്യൂജേഴ്‌സി ക്നാനായ കമ്മ്യൂണിറ്റിയിലെ എല്ലാ കോളേജ് ഗ്രാജുവേറ്റ്‌സിനേയും ആദരിച്ചു.

ന്യൂജേഴ്‌സി ക്നാനായ മിഷനില്‍ ദേവാലയം നിര്‍മിക്കാനുള്ള ധനശേഖരണാര്‍ഥം നടത്തിയ ലേലത്തില്‍ ഏലക്കാ മാലക്കു 60,000 ഡോളര്‍ ലഭിച്ചു. ജനകീയ ലേലത്തിലൂടെ  ചരിത്രം കുറിച്ച ഈ തുകക്കു ലേലം കൊണ്ടത് ലൂമോന്‍ മാന്തുരുത്തിലും കുടുംബവുമാണ്.  ന്യൂ ജേഴ്‌സി ക്നാനായ മിഷൻ അംഗമായ വിൻസന്റ് വലിയ കല്ലുങ്കൽ ലേലത്തിനായി സമർപ്പിച്ച ഏലക്കാമാലയാണ് ജനകീയ പങ്കാളിത്വത്തോടെ മിഷന്റെ സ്വന്തമായ ദൈവാലയം എന്ന സ്വപ്‍ന പദ്ധതിക്ക് മികച്ച ഒരു കുതിപ്പ് നല്കത്തക്ക വിധത്തിൽ ചരിത്രപരമായ ധന സമാഹരണത്തിന് നിയോഗമായത്. ലേലം വിളിക്കുന്നതനുസരിച്ച് അപ്പപ്പോൾ തുക നൽകത്തക്ക രീതിയിൽ നടത്തിയ ലേലത്തിൽ, ഒരു വ്യക്തി പരമാവധി ചിലവൊഴിച്ച തുക മൂവായിരത്തി അഞ്ഞൂറോളം  ഡോളർ ആണെന്നിരിക്കെ അറുപതിനായിരം  ഡോളർ അഥവാ ഏകദേശം നാൽപ്പത്  ലക്ഷം രൂപാ സമാഹരിച്ചു എന്നത് മിഷന്റെ ഈ പദ്ധതിയിൽ ഉണ്ടായ വന്പിച്ച ജനകീയ പങ്കാളിത്വത്തിന്റെയും സഹകരണത്തിന്റെയും ഉദാഹരണമാണ് എന്ന് മിഷൻ ഡയറക്ടർ ഫാ. റെനി കട്ടേൽ  പറഞ്ഞു. ന്യൂജേഴ്‌സി ക്‌നാനായ കമ്മ്യൂണിറ്റിയുടെ സ്വപ്നമായ സ്വന്തമായ ദേവാലയത്തിനുവേണ്ടിയുള്ള ഫണ്ട് സമാഹരണത്തിന്റെആദ്യ ഗഡു സ്വീകരണവും ഓണ്‍ലൈന്‍ ഡിറക്ട് ഡിപ്പോസിറ്റിന്റെ ഉദ്ഘാടനവും തിരുനാളിനോടനുബന്ധിച്ച് നടന്നു. 

തിരുനാള്‍ പ്രസുദേന്തിമാര്‍ ഒതുക്കിയ സ്‌നേഹ വിരുന്നിന് മുൻപായിരുന്നു ഏവരെയും ആവേശം കൊള്ളിച്ച ഏലയ്ക്കാ മാല ലേലം. ന്യൂജേഴ്‌സി ക്‌നാനായ കമ്മ്യൂണിറ്റിയിലെ കുടുംബാംഗങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണത്തോടൊപ്പം, റോക്ക് ലാന്‍ഡ്, വെസ്റ്റ്‌ചെസ്റ്റര്‍ ക്‌നാനായ മിഷന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. വളരെ വാശിയോടെ സ്വന്തമായ ദേവാലയമെന്ന ഉദ്യമത്തിനായി നടന്ന ഈ ലേലം സകല പ്രതീക്ഷകളേയും മറികടന്നുകൊണ്ടാണ് ചരിത്രം കുറിച്ച ലേല തുകയിൽ എത്തിയത്.

തിരുനാള്‍ പ്രോഗ്രാമുകള്‍ക്കും, തുടര്‍ന്നു നടന്ന ലേലത്തിനും, മിഷന്‍ ഡയറക്ടര്‍ ഫാ. റെന്നി കട്ടേലും, ട്രസ്റ്റിമാരായ ജോസുകുഞ്ഞ് ചാമക്കാലായും, ലൂമോന്‍ മാന്തുരുത്തിലും, ബില്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീ ഷാജി വെമ്മേലിലും, മിഷന്‍ അക്കൗണ്ടന്റ് ശ്രീ. പീറ്റര്‍ മാന്തുരുത്തിലും നേതൃത്വം നല്‍കി. സ്‌നേഹ വിരുന്നോടെ തിരുന്നാള്‍ പ്രോഗ്രാം സമാപിച്ചു.

അലക്സ് നെടുംതുരുത്തിൽ