Home‎ > ‎Recent News‎ > ‎

ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ആദ്യകുർബാന സ്വീകരണത്തിനൊരുങ്ങുന്ന കുട്ടികളെ സന്ദർശിച്ചു

posted Apr 10, 2017, 3:56 PM by News Editor   [ updated Apr 10, 2017, 3:56 PM ]

 

 

ഷിക്കാഗോ: മാർച്ച് 12 ഞായറാഴ്ച രാവിലെ 9.45 ന്, ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണത്തിനും, പ്രഥമ കുമ്പസാരത്തിനും ഒരുങ്ങിക്കൊണ്ടിരിക്കുന്ന തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിലെ മൂന്നാം ക്ലാസ്സ് കുട്ടികൾക്കുവേണ്ടി, ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പ്രത്യേക ഒരുക്ക സെമിനാർ നടത്തി. ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത് പിതാവിനെ സ്വാഗതം ചെയ്തു. ആദ്യ കുർബാന സ്വീകരണത്തിനൊരുങ്ങുന്ന മൂന്നാം ക്ലാസിലെ കുട്ടികളെ, ദൈവ സ്നേഹം, പരിശുദ്ധ ത്രിത്വം, മാമ്മോദീസ, സ്ഥൈര്യലേപനം, വി. കുർബാന, കുമ്പസാരം എന്നീ വിഷയങ്ങളേപ്പറ്റി ബിഷപ്പ് ലളിതമായ ഭാഷയിൽ പഠിപ്പിക്കുകയും, ആത്മീയ ചൈത‌ന്യത്താൽ നിറക്കുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുകയും, അവരോട് പിതാവ് ഒരു നല്ല അപ്പച്ചനെന്നപോലെ ഇടപഴകുകയും ചെയ്തു. ക്ലാസ്സിനുശേഷം കുട്ടികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകി അനുഗ്രഹിച്ചു. തുടർന്ന് പിതാവ്, കുട്ടികൾക്കുവേണ്ടി വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർത്ഥിച്ചു. മാതാപിതാക്കൾ തയ്യാറാക്കിയ സ്നേഹവിരുന്നിൽ പിതാവ്, എബ്രാഹം മുത്തോലത്ത്, കുട്ടികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരോടൊപ്പം പങ്കെടുത്തു.

 

ബിഷപ്പുമായി സമയം ചിലവഴിക്കാൻ സാധിച്ചത് വലിയ ഒരു അനുഭവവും, കുട്ടികളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവവും ആയിരുന്നെന്ന് എല്ലാ മാതാപിതാക്കളും, കുട്ടികളും നന്ദിയോടെ പങ്കുവെച്ചു.

 

പിതാവുമൊത്തുള്ള ഈ ദിവസം കോർഡിനേറ്റ് ചെയ്തത് ഡി. ർ. ഇ. ടോമി കുന്നശ്ശേരിൽ, അ. ഡി. ർ. ഇ. റ്റീനാ നെടുവാമ്പുഴ, മതാധ്യാപകരായ ആൻസി ചേലക്കൽ, മഞ്ജു ചകരിയാന്തടത്തിൽ, നിഖിൽ ചകരിയാന്തടത്തിൽ, യൂനസ് തറതട്ടേൽ, റീമാ കവലക്കൽ എന്നിവരും ആണ്.

ബിനോയി കിഴക്കനടി (പി. ർ. ഒ.)