ന്യൂജേഴ്സി : ന്യൂ ജേഴ്സി ക്നാനായ മിഷനിലെ നോർത്ത് ജേഴ്സി കൂടാരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വാർഷികാഘോഷം വർണ ശബളമായി. ഏപ്രിൽ 22 ശനിയാഴ്ച വൈകുന്നേരം ജപമാലയോടുകൂടി ആരംഭിച്ച വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം കൂടാരയോഗം പ്രസിഡണ്ട് പീറ്റർ മാന്തുരുത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച്, ന്യൂയോർക്ക് ക്നാനായ കാത്തലിക്ക് ഫൊറോനാ വികാരി ഫാ. ജോസ് തറയ്ക്കൽ നിർവ്വഹിച്ചു. മിഷൻ ഡയറക്ടർ ഫാ. റെനി കട്ടേൽ ആമുഖ പ്രസംഗവും, റോക്ക്ലാൻഡ് മിഷൻ ഡയറക്ടർ ഫാ. ജോസ് ആദോപ്പള്ളിൽ ആശംസാ പ്രസംഗവും നടത്തി. തദവസരത്തിൽ മിഷനിലെ മറ്റ് മൂന്നു കൂടാരയോഗ പ്രസിഡണ്ടുമാരും, മിഷന്റെ യൂത്ത് കോർഡിനേറ്റർ അനീറ്റാ മാളികയും ആസംസകൾ നേർന്നു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ ബിജു വലിയകല്ലുങ്കൽ സ്വാഗതവും, ടോം കടിയമ്പള്ളിൽ കൃതജ്ഞതാപ്രകാശനവും നിർവ്വഹിച്ചു. തുടർന്ന് കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ വിൻജു മാന്തുരുത്തിലിന്റെ നേതൃത്വത്തിൽ മിഷനിലെ കൂടാര യോഗങ്ങളെല്ലാം ചേർന്ന് ഒരുക്കിയ രണ്ടു മണിക്കൂർ നീണ്ട കലാസന്ധ്യ വാർഷികാഘോഷങ്ങൾ ആവേശ തിരമാലകളാൽ വർണ്ണാഭമാക്കി. കുട്ടികളുടെ മുതൽ മുതിർന്നവരുടെ വരെ ഡാന്സുകളും, മാർഗ്ഗം കളിയും , ചെണ്ടമേളവും, ഗാനാലാപനങ്ങളുമൊക്കെയായി ശനിയാഴ്ച്ചത്തെ സായാഹ്നം അവിസ്മരണീയമായ ഒരു അനുഭവമാക്കി തീർക്കുവാൻ മിഷൻ ഭാരവാഹികൾക്ക് സാധിച്ചു. മെറിൻ വെമ്മേലിയും നിഖിത വാണിയാംകുന്നേലും പ്രോഗ്രാമിനെ മനോഹരമായ രീതിയിൽ MC മാരുടെ റോളിൽ മുന്നോട്ടു നയിച്ചു. പങ്കാളിത്തം കൊണ്ടും, സംഘാടന മികവുകൊണ്ടും അതിലുപരി ഗുണമേന്മയുള്ള കലാ പരിപാടികൾകൊണ്ടും ന്യൂജേഴ്സി ക്നാനായ മിഷന്റെ ചരിത്രത്തിൽ തന്നെ മറ്റൊരു നാഴികക്കല്ലിനു നാന്ദിയാകുവാൻ ഈ കൂടാരയോഗ വാർഷികത്തിന് സാധിച്ചു എന്ന തന്റെ സമാപന സന്ദേശത്തിൽ മിഷൻ ഡയറക്ടർ ഫാ. റെനി കട്ടേൽ പറഞ്ഞപ്പോൾ നിറഞ്ഞ ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. നോർത്ത് ജേഴ്സി കൂടാരയോഗക്കാർ ഒരുക്കിയ ആസ്വാദ്യകരമായ വിരുന്നോടെ വാർഷികാഘോഷങ്ങൾ സമാപിച്ചു. |
Home > Recent News >